സു.ബത്തേരി

ശുചിത്വ നഗരത്തിലെ നിശബ്ദ പോരാളികളെ ആദരിച്ച് വേറിട്ട മാഗസിന്‍ പ്രകാശനം

ശുചിത്വ നഗരത്തിലെ നിശബ്ദ പോരാളികളെ ആദരിച്ച് വേറിട്ട മാഗസിന്‍ പ്രകാശനം

ബത്തേരി: ബത്തേരി നഗരത്തിന്റെ ശുചിത്വവും പൊതുജനാരോഗ്യവും കാത്തുസൂക്ഷിക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന ശുചീകരണ ജീവനക്കാരെ ആദരിച്ചുകൊണ്ട് കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍,സുല്‍ത്താന്‍ ബത്തേരി വേറിട്ട മാഗസിന്‍ പ്രകാശനം സംഘടിപ്പിച്ചു. കലാലയങ്ങളിലെ പതിവ് ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമായി, ബത്തേരി നഗരസഭയെ മാലിന്യമുക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ജീവനക്കാരാണ് കോളേജ് മാഗസിന്‍ പ്രകാശനം നിര്‍വഹിച്ചത് എന്നത് ചടങ്ങിനെ കൂടുതല്‍ ശ്രദ്ധേയമാക്കി.പ്രിന്‍സിപ്പല്‍ ഡോ. ഗീതാഞ്ജലി എംന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് സാമൂഹിക ഉത്തരവാദിത്തത്തിന്റെയും കരുതലിന്റെയും മാതൃകയായി മാറി. മഴയും വെയിലും വകവയ്ക്കാതെ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ സമൂഹം കൂടുതല്‍ ആദരവോടെ കാണേണ്ടതിന്റെയും അംഗീകരിക്കേണ്ടതിന്റെയും ആവശ്യകത ചടങ്ങില്‍ ഉയര്‍ത്തിക്കാട്ടി. 

കലാലയവും സമൂഹവും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു പ്രകാശനച്ചടങ്ങ്.
സ്റ്റാഫ് എഡിറ്റര്‍ സുനീര്‍ ബാബു എ, മാഗസിന്‍ എഡിറ്റര്‍ പിയൂഷ് ഭാനു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. മാഗസിന്‍ രൂപകല്പനയിലും പ്രസിദ്ധീകരണത്തിലും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ പങ്കുവെക്കപ്പെട്ടു. അധ്യാപക പ്രതിനിധി മിനി എ, ശുചീകരണ തൊഴിലാളികളുടെ പ്രതിനിധി അസീസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഈ ചടങ്ങു മാറിചിന്തിക്കാന്‍ ഒരു അവസരമായി എന്ന അവരുടെ വാക്കുകള്‍ ചടങ്ങിന്റെ പ്രസക്തി യുര്‍ത്തുന്നു.
നഗരസഭയുടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്ന തൊഴിലാളികളെ സമൂഹത്തിന് മുന്നില്‍ ആദരവോടെ അവതരിപ്പിച്ച പൂമല ബി.എഡ് സെന്ററിന്റെ ഈ മാതൃക കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പ്രമോദ് കെ.എസ് അറിയിച്ചു. അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ശുചീകരണ ജീവനക്കാര്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി ഏറെ ഹൃദ്യവും ശ്രദ്ധേയവുമായി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ