പുല്‍പ്പള്ളി: പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രണ്ട് ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ഹോസ്പിറ്റലില്‍ ലഭിക്കുന്നുള്ളു. ഇതുമൂലം ഹോസ്പിറ്റലിലെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് ഡോക്ടറെ കാണാന്‍ കഴിയുന്നത്. നിത്യേന 400 ഓളം രോഗികള്‍ എത്തുന്ന ഹോസ്പിറ്റലില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഡോക്ടര്‍മാര്‍ വേണ്ടയിവിടെ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. നിലവിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്കും പുതിയയാളം നിയമിച്ചിട്ടില്ല. നിലവില്‍ ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ ശബരിമല ഡ്യൂട്ടിയ്ക്ക് പോയതിനു പകരം താത്കാലികമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പലദിവസങ്ങളിലും സായാഹ്ന ഒ.പി.യുടെ പ്രവര്‍ത്തനം ഇല്ലാത്ത അവസ്ഥയാണ്. സായാഹ്ന ഒ.പി.യില്‍ ജോലിചെയ്യുന്ന ഡോക്ടറെ ഡോക്ടര്‍മാരുടെ കുറവുമൂലം രാവിലത്തേക്ക് മാറ്റിയതാണ് സായാഹ്ന ഒ.പി. മുടങ്ങാന്‍ കാരണം.
പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഹോസ്പിറ്റലായിട്ടുപോലും ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ല. എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പുല്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡോക്ടര്‍മാരില്ലാത്തതുമൂലം കിടത്തിചികിത്സയ്ക്ക് എത്തുന്ന രോഗികള്‍പോലും ബത്തേരിയിലോ, മാനന്തവാടിയിലോ പോകേണ്ട സ്ഥിതിയാണ്. ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. അടിയന്തരമായി പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ തയ്യാറായാല്‍ മാത്രമേ രോഗികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അഭിപ്രായങ്ങൾ (Comments)