പൂതാടി: നെന്മേനി സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി ഒരാഴ്ചയ്ക്കകം പണം അനുവദിച്ച് ഉത്തരവിറക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. ഇരുളം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കുന്നതും ഉടന്‍ പരിഗണിക്കും. പൂതാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടയ സംബന്ധമായ അപേക്ഷകള്‍ അടുത്ത ഒരു വര്‍ഷം കൊണ്ട് പരിഹരിക്കാനാണ് റവന്യൂ വകുപ്പ് ശ്രമിക്കുന്നത്. ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ജീവനക്കാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ബാലകൃഷ്ണന്‍, സിഡ്‌കോ ചെയര്‍മാന്‍ ടി മുഹമ്മദ്, ജില്ലാ നിര്‍മിതി കേന്ദ്രം മെമ്പര്‍ സെക്രട്ടറി സജിത്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)