മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്നും, മെഡിക്കല്‍കോളേജ് വികസനത്തിനായി ഏറ്റവും യോജ്യമായ അമ്പുകുത്തിയിലെ ഭൂമി ലഭ്യമാക്കാന്‍ രാഷ്ട്രീയ ചിന്തകള്‍ മാറ്റി വച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വയനാടന്‍ ജനത ഏറെ പ്രതീക്ഷയോടെ കണ്ട മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ച് ആറ് വര്‍ഷം പിന്നിട്ടിട്ടും വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ ജില്ലയില്‍ നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്. പിന്നാക്ക ജില്ലയോട് അധികൃതര്‍ തുടരുന്ന ഈ അവഗണന കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ലഭ്യമാകാന്‍ ഏറ്റവും സാധ്യതയുള്ളഅമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കാലതാമസമുണ്ടെങ്കില്‍, നിലവില്‍ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്കും ബോര്‍ഡ് സ്‌കൂള്‍ ഹൈസ്‌കൂളിലേക്കും മാറ്റി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തണമെന്നും,കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷന്‍ ഡിസ്ട്രിക്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി അനുവദിച്ച മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ പ്രാദേശികവാദം ഉയര്‍ത്തിയുള്ള അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിക്കണമെന്നും,
അയല്‍സംസ്ഥാനത്തിന്റെയും, അയല്‍ ജില്ലയുടെയുംഅതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ക്കും ഗോത്രവര്‍ഗ്ഗ ജനതയ്ക്കും ഏറെ ആശ്രയമായ ഈ ആശുപത്രിയില്‍ അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ സജ്ജീകരിക്കുകയും ആവശ്യത്തിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുകയും വേണമെന്നും എച്ച്ആര്‍സിപിസി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ എച്ച്.ആര്‍.സി.പി.സി സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോണ്‍ മാസ്റ്റര്‍, സെക്രട്ടറി എന്‍.കെ. കുര്യന്‍, ജില്ലാ പ്രസിഡന്റ് ടി.കെ. രാജേഷ്, ഭാരവാഹികളായ ഷിജു ജോസ്, സഫിയ കാപ്പില്‍, റീന എം.ടി എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)