കൽപ്പറ്റ

വയനാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വര്‍ധിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്

വയനാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വര്‍ധിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്

കല്‍പ്പറ്റ: വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലക്കകത്തും പുറത്തേക്കുമുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നും നിര്‍ത്തിവെച്ച ഗ്രാമീണ സ്‌റ്റേ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും യങ് ഡെമോക്രാറ്റ്‌സ് വയനാട് ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്), വയനാട് ഡി.ടി.ഒ, എ.ടി.ഒ എന്നിവര്‍ക്ക് ജില്ലാ കണ്‍വീനര്‍ കെ.എസ്. മുഹമ്മദ് സകരിയ്യ നിവേദനം നല്‍കി.പ്രിയദര്‍ശിനി പദ്ധതി ഉള്‍പ്പെടെയുള്ള സൗജന്യയാത്രാ പദ്ധതികളിലൂടെ പൊതുഗതാഗതത്തെ കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക ബസുകള്‍ അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് വയനാട്ടിലേക്കുള്ള ബസുകളിലെ രൂക്ഷമായ തിരക്ക് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. തിരക്കുമൂലം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ബസില്‍ കയറാനാകാതെ അടുത്ത സര്‍വീസിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. വയോധികരും ഇതുമൂലം ഏറെ പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യം പരിഹരിക്കുന്നതിന് കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കണം.

ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം ബസുകള്‍ വൈകിയെത്തുന്നത് കല്‍പ്പറ്റയില്‍നിന്ന് മാനന്തവാടി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ ദുരിതം ഇരട്ടിയാക്കുന്നു. വൈകുന്നേരങ്ങളില്‍ കല്‍പ്പറ്റയില്‍നിന്ന് മാനന്തവാടി ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക് ബസിനായി ദീര്‍ഘനേരം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ വൈകുന്നേരം മുതല്‍ ഈ റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണം.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് വയനാട്ടിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം തലശ്ശേരി, ഇരിട്ടി, കുറ്റിയാടി വഴിയുള്ള സര്‍വീസുകളും മൈസൂര്‍, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അന്തര്‍സംസ്ഥാന സര്‍വീസുകളും വര്‍ധിപ്പിക്കണം. കോവിഡ് കാലത്തും അതിനുശേഷവും ജില്ലയിലെ മൂന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍നിന്ന് നിര്‍ത്തിവെച്ച ഗ്രാമീണ സ്‌റ്റേ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും രാത്രി യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ രാത്രികാല സര്‍വീസുകള്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ