മലയോര ഹൈവേ കര്‍മ്മ സമിതി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി
കുറ്റിയാടി: വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റിയാടി പക്രംതളം ചുരം റോഡ്, മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞു പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്.കാസര്‍ഗോഡ് നന്ദാര പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ നിലവില്‍ പന്ത്രണ്ട് മീറ്ററിലാണ് റോഡ് വികസിപ്പിക്കുന്നത്. എന്നാല്‍ കാവിലുമ്പാറ പഞ്ചായത്തിലെ കുറ്റിയാടി ചുരം ഭാഗം 5.4 കിലോ മീറ്റര്‍ ദൂരം നിലവില്‍ പത്ത് മീറ്റര്‍ വീതിയിലാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. മൈസൂര്‍ ബാഗ്‌ളൂര്‍ റൂട്ടാണ് ഈ ചുരം ഭാഗം. കേരളത്തില്‍ അങ്ങോളം ഇങ്ങോളം പന്ത്രണ്ട് മീറ്റര്‍ വീതിയിലാണ് മലയോര ഹൈവേ നിര്‍മിച്ചു വരുന്നത്. എന്നാല്‍ പക്രംതളം ചുരം റോഡായ ചുങ്കക്കുറ്റി മുതല്‍ പൂതംപാറ കീഞ്ഞ് കുടി പാലം വരെ പത്ത് മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വക വെച്ചിരിക്കുകയാണ്. ചുരം റോഡ് വികസന പ്രതീക്ഷ കെടുത്തുന്നതാണ് വീതി കുറച്ച് റോഡ് നിര്‍മിക്കുന്ന നടപടി. മല്‍ട്ടി ആക്‌സല്‍ ഭാര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കടന്നു പോകുന്ന ഈ റോഡ് വീതി കുറച്ച് നിര്‍മിക്കുന്നത് ഭാവി ഗതാഗത്തിന് പ്രതിസന്ധി തീര്‍ക്കും.ഈ നടപടിക്കെതിരെ വയനാട് കുറ്റിയാടി മലയോര ഹൈവേ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. മുന്‍ പഞ്ചായത്ത് മെമ്പര്‍ എ.സി. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. കാവിലുമ്പാറ പഞ്ചായത്ത് മെമ്പര്‍ സോജന്‍ ആലക്കല്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു.
പുറക്കാട്ടേരി മൈസൂര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ വികസന സമിതി ചെയര്‍മാന്‍ കെ.എ ആന്റണി സമര പ്രഖ്യപനം നടത്തി. യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ ജോസഫ്, മനു എഴിക്കാട്ടില്‍, ജമാല്‍ പാറക്കല്‍, ഡൊമിനിക് കളത്തൂര്‍, മേനിക്കണ്ടി അബ്ദുല്ല മാസ്റ്റര്‍, കെ.കെ. ചന്ദ്രന്‍, അഭിലാഷ് പി. അരുണ്‍, പി.പി. ആലിക്കുട്ടി, എ.എം.സതീശന്‍ മാസ്റ്റര്‍, സാജന്‍ ജേക്കബ്, ജോസ് പൂത്തോട്ടം,എന്നിവര്‍ സംസാരിച്ചു. സമരത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ, ജനകീയ കൂട്ടായ്മ, ഈ മെയില്‍ കാമ്പയിന്‍, ശ്രദ്ധ ക്ഷണിക്കല്‍ സദസ്സ് എന്നിവ നടത്താന്‍ തീരുമാനിച്ചു.
അഭിപ്രായങ്ങൾ (Comments)