തിരുവനന്തപുരം: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാതയുടെ വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം നിയമസഭാ ഹാളില്‍ യോഗം ചേര്‍ന്നു. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ ആവശ്യപ്രകാരമായിരുന്നു യോഗം.പാതയുടെ വികസനവുമായി ബന്ധപ്പെട്ട് വനം, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന കോഴിക്കോട് ഭാഗത്തും പടിഞ്ഞാറത്തറയ്ക്കും ഇടയിലുള്ള വനമേഖലയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഡിസംബര്‍ ആദ്യവാരം പരിശോധന നടത്താനാണ് ധാരണയായിട്ടുള്ളത്. സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു.
പാതയുടെ വികസനത്തിന് ആവശ്യമായ കെ.എസ്.ഇ.ബിയുടെ ഭൂമി വനംവകുപ്പില്‍നിന്ന് വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെ വേഗത്തിലാക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ് നിര്‍ദേശിച്ചു. ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി യോഗത്തെ അറിയിച്ചു.
നേരത്തെ സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോഴിക്കോട് ഭാഗത്ത് പൂര്‍ണമായ പരിശോധന നടത്താന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് അന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമായിരുന്നു. അതിനാല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് എല്ലാ മേഖലകളിലും പരിശോധന പൂര്‍ത്തിയാക്കി സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി വീണ്ടും സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചത്.
വൈദ്യുതിപരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, വനം മന്ത്രി ഷിബു ബേബി ജോണ്‍, എം.എല്‍.എ ഫാത്തിമ തഹ്‌ലിയ എന്നിവര്‍ നേരിട്ടും ഷാഫി പറമ്പില്‍ എം.പി ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)