സംസ്ഥാനത്ത് അതിതീവ്ര മഴ; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. മറ്റ് ഒന്‍പത് ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനാണ് സാധ്യത.
ഇന്നലെ കണ്ണൂര്‍ കാസര്‍ഗോഡ് ഇടുക്കി ജില്ലകളില്‍ വിവിധ പ്രദേശങ്ങളില്‍ 60 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ കാറ്റുവീശി. മത്സ്യബന്ധനത്തിന് ഇന്നും നിയന്ത്രണം തുടരും. നാളെയും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. നാളെ 11 ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കാലവര്‍ഷം മുന്‍കരുതലിന്റെ ഭാഗമായി എന്‍ഡിആര്‍എഫ് സംഘം മലപ്പുറത്തേക്ക് എത്തും. 26 പേരടങ്ങുന്ന സംഘമാണ് എത്തുക. ചെന്നൈ ആരക്കോണത്തു നിന്നുള്ള സംഘം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യും.
സാധാരണ ജൂണ്‍ 1 ന് എത്തേണ്ട കാലവര്‍ഷം ഇന്നലെ കേരളത്തില്‍ എത്തി. 16 വര്‍ഷം മുന്‍പ് 2009 ല്‍ മെയ് 23 കാലവര്‍ഷം എത്തിയതിന് ശേഷം നേരത്തെ എത്തുന്നത് ഇപ്പോഴാണ്. മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൂടാതെ ഈ മാസം 27ന് മധ്യ പടിഞ്ഞാറന്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്ക് പുറമെ വിവിധ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ബുധനാഴ്ച വരെ മീന്‍പിടിത്തം വിലക്കി. ആരോഗ്യവകുപ്പ് പകര്‍ച്ചാവ്യാധി മുന്നറിയിപ്പും നല്കി.
അഭിപ്രായങ്ങൾ (Comments)