തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ ഇടത്തരം തീവ്രതയോടെയോ ഉള്ള മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിന് പുറമെ നവംബര്‍ 05, 08, 09 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെല്ലോ അലെര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലെര്‍ട്ട്. നിലവില്‍ മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുകയാണ്. ഇതിന് പുറമെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായി വേറെയും ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇവയാണ് വരും ദിവസങ്ങളില്‍ വിവിധ തീവ്രതകളിലുള്ള മഴയ്ക്ക് കാരണമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (2024 നവംബര്‍ 5) മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ വരും ദിവസങ്ങളിലേക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. ബുധനാഴ്ച തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ വടക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്നാട് തീരം, തെക്കന്‍ ആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളിലും വെള്ളിയാഴ്ച തെക്കന്‍ ആന്ധ്ര പ്രദേശ് തീരം, വടക്കന്‍ തമിഴ്നാട് തീരം, അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍-മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും സമാനമായ തരത്തില്‍ വലിയ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
അഭിപ്രായങ്ങൾ (Comments)