മുക്കം: സി.പി.ഐ ഇന്ത്യ മുന്നണി അംഗമായതിനാല്‍ വയനാട്ടിലെ മത്സരത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്മാറണമായിരുന്നുവെന്ന് കെ. മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്‍ഡ്യ മുന്നണിയുടെ പ്രധാന നേതാക്കന്മാരില്‍ ഒരാളായ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനുള്ള സി.പി.ഐയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ യാതൊരു സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഒരു രൂപ പോലും നല്‍കാന്‍ തയാറാകാത്തവര്‍ ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തന്നെ തൊലിക്കട്ടിയുടെ ഭാഗമായാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്ര വലിയ ദുരന്തം ഉണ്ടായി, ദുരന്തസ്ഥലം പ്രധാനമന്ത്രി നേരിട്ട് കണ്ടിട്ടും ഒരു രൂപ പോലും ധനസഹായം നല്‍കാന്‍ തയാറായിട്ടില്ല. വയനാട് ദുരന്തബാധിതര്‍ക്ക് വിവിധ സംഘടനകള്‍ വീടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതിനുവേണ്ട സ്ഥലം കണ്ടെത്തി കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ഇതുവരെയായി അക്കാര്യത്തില്‍ ഒരു താല്‍പര്യവും സംസ്ഥാനം എടുത്തിട്ടില്ല. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തികച്ചും നിഷേധാത്മകമായ നിലപാടാണ് വയനാടിനോട് സ്വീകരിക്കുന്നത്. ഈ വിഷയങ്ങളെല്ലാം ഉയര്‍ത്തിക്കൊണ്ട് രാഷ്ട്രീയപരമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫ് വൈകാരികമായി വോട്ട് പിടിക്കുന്നുവെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കുടുംബത്തിലെ അംഗമാണ് പ്രിയങ്ക ഗാന്ധി. രാഷ്ട്രീയം പറഞ്ഞിട്ടാണ് പ്രിയങ്ക ഗാന്ധി വോട്ട് ചോദിക്കുന്നത്. ഇന്‍ഡ്യ മുന്നണിയുടെ നേതാവെന്ന നിലയിലാണ് പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാത്തത്. ബി.ജെ.പിയെയാണ് ദേശീയ തലത്തില്‍ നേരിടേണ്ടത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ പരാമര്‍ശിക്കാതെ മാന്യമായ രീതിയിലാണ് പ്രിയങ്ക ഗാന്ധി പ്രചരണം നടത്തുന്നത്. ഇത് ഉള്‍ക്കൊള്ളുന്നതിന് പകരം യുഡിഎഫ് സ്ഥാനാര്‍ഥിയെ ആക്രമിക്കുന്നത് പോലെ സി.പി.ഐയില്‍ നിന്ന് ഉണ്ടായ സമീപനം ദൗര്‍ഭാഗ്യകരമാണ്. വയനാട്ടില്‍ ഏതൊരു പ്രശ്‌നം ഉണ്ടായാല്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ശക്തമായി ശബ്ദം ഉയര്‍ത്തുമായിരുന്നു. വയനാട് മണ്ഡലം നിലനിര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ അദ്ദേഹത്തെപ്പോലെ ബി.ജെ.പിയെ നേരിടുന്ന ഒരു നേതാവ് ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ തുടരണമെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഇന്‍ഡ്യ മുന്നണിയിലെ സമാജ് വാദി പാര്‍ട്ടി അടക്കമുള്ള ഘടകകക്ഷികളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയതാണ് സീറ്റ് ഒഴിഞ്ഞത്. പാലക്കാടും ചേലക്കരയിലും അടുത്ത ദിവസങ്ങളില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകും. ചേലക്കരയില്‍ യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കും. തനിക്ക് പാര്‍ലമെന്റിലേക്ക് സീറ്റ് തന്നത് രാജീവ് ഗാന്ധിയാണ്. 1991 മെയ് മാസത്തില്‍ എനിക്ക് വേണ്ടി അദ്ദേഹം കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിരുന്നു. പിരിയാന്‍ നേരത്ത് ഡല്‍ഹിയില്‍ വച്ച് കാണാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രി മത്സരിക്കുന്ന ഇടത്തുനിന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാന്‍ കാരണം അതാണ്. ആ കുടുംബവുമായി തനിക്കുള്ളത് വൈകാരിക ബന്ധമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോഡിനേറ്റര്‍ സി.പി ചെറിയ മുഹമ്മദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ ജോബ്, സി.കെ കാസിം പങ്കെടുത്തു.
വയനാട്ടിലെ മത്സരത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്മാറണമായിരുന്നു: കെ. മുരളീധരന്‍
അഭിപ്രായങ്ങൾ (Comments)