കേരളം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി

 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കൊമേഴ്‌സ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വി.സി ക്കും രജിസ്ട്രാര്‍ക്കും വിദ്യാര്‍ത്ഥി മലയാളവേദി പ്രവര്‍ത്തകര്‍ നിവേദനം നല്‍കി. ബി.കോം വിദ്യാര്‍ത്ഥികളുടെ പരീക്ഷാമാധ്യമം ഇനിമുതല്‍ ഇംഗ്ലീഷ് മാത്രമായിരിക്കുമെന്ന യൂണിവേഴ്‌സിറ്റി ഉത്തരവിനെതിരെയാണ് നിവേദനം നല്‍കിയത്.
02.08.2023 ല്‍ ബി.കോം പരീക്ഷാ മാധ്യമത്തെ സംബന്ധിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. ബി.കോം പരീക്ഷ മലയാള മാധ്യമത്തിലെഴുതിയ ചില വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകളായിരുന്നു ഇതിന്റെ പശ്ചാത്തലം. ഇപ്പറഞ്ഞ ഉത്തരവു പ്രകാരം  മലയാള മാധ്യമത്തിലെഴുതിയ ഉത്തരക്കടലാസുകള്‍ ഒരു 'സ്‌പെഷ്യല്‍ കേസാ'യി പരിഗണിച്ച് മൂല്യനിര്‍ണ്ണയം നടത്താന്‍ അനുവാദം നല്‍കി. എന്നാല്‍ ബി.കോം വിദ്യാര്‍ത്ഥികളുടെ പരീക്ഷാമാധ്യമം ഇനിമുതല്‍ ഇംഗ്ലീഷ് മാത്രമായിരിക്കുമെന്നും ചോദ്യക്കടലാസില്‍ ഇത് കൃത്യമായി രേഖപ്പെടുത്തണമെന്നും ഉത്തരവ് കൂട്ടിച്ചേര്‍ക്കുന്നു. മലയാളത്തില്‍ പരീക്ഷയെഴുതാനുള്ള വിദ്യാര്‍ത്ഥികളുടെ മാതൃഭാഷാവകാശത്തെപ്പറ്റി ഈ ഉത്തരവിലൊരിടത്ത് സൂചനയുണ്ട്. പക്ഷേ, ഇനിയുള്ള പരീക്ഷകളില്‍ മാതൃഭാഷയില്‍ ഉത്തരമെഴുതാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിക്കൊണ്ടാണ് ഉത്തരവ് നടപ്പിലാവുന്നത്. ഹയര്‍സെക്കണ്ടറി തലം വരെ മലയാളത്തില്‍ പഠിക്കാനും പരീക്ഷയെഴുതാനും നിലവില്‍ അവസരമുണ്ട്. ബിരുദ-ബിരുദാനന്തര-ഗവേഷണ തലങ്ങളിലും മാതൃഭാഷയില്‍ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്  അതിനുള്ള അവസരങ്ങള്‍ ഒരുക്കേണ്ട ഘട്ടത്തില്‍, മലയാളമാധ്യമത്തിലെഴുതിയ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയത്തിനു പോലും പരിഗണിക്കുന്നില്ല എന്നത് ഗുരുതരമായ മാതൃഭാഷാവകാശ ലംഘനമാണെന്ന് നിവേദനത്തില്‍ ചൂണ്ടി കാട്ടുന്നു.


അതുകൊണ്ട് മൂല്യനിര്‍ണ്ണയത്തിലെ സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികളുടെ മാതൃഭാഷാവകാശം നിഷേധിക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നതാണ് നിവേദനത്തിലെ ആവശ്യം.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ