കേരളം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനല്‍മഴ കനക്കുന്നു, കാലവര്‍ഷം സമയംതെറ്റാതെ എത്തും

 ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനല്‍മഴ കനക്കുന്നു, കാലവര്‍ഷം സമയംതെറ്റാതെ എത്തും

തിരുവനന്തപുരം: കൊടും വേനലിന് അറുതി വരുത്തി സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെട്ടു. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടി. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്ന് മറ്റെല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കാലവര്‍ഷം പതിവ് സമയത്ത് തന്നെ ഇത്തവണ കേരളത്തില്‍ എത്തിച്ചേരുമെന്നാണ് വിലയിരുത്തലുകള്‍.

ചുട്ടുപൊള്ളിയ ഭൂമിക്കും മനസ്സിനും ആശ്വാസമായി വേനല്‍മഴ മെച്ചപ്പെട്ടു. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വേനല്‍മഴ കിട്ടുന്നുണ്ട്. ഇന്നലെ കൂടുതലിടങ്ങളില്‍ മഴ കിട്ടി. പത്തനംതിട്ടയിലെ തിരുവല്ല, തിരുവനന്തപുരത്തെ പെരിങ്ങമല, എറണാകുളത്തെ കീരാംപാറ, കണ്ണൂരിലെ പന്നീയൂര്‍, ഇടുക്കിയിലെ പാമ്പാടുംപാറ തുടങ്ങി പല പ്രദേശങ്ങളിലും ഇന്നലെ മഴ ശക്തിപ്പെട്ടു. വെള്ളിയാഴ്ച വരെ മഴ തുടര്‍ന്നേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ മെച്ചപ്പെട്ടതോടെ മിക്കയിടത്തും ഉയര്‍ന്ന താപനിലയില്‍ കുറവുണ്ട്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

കേരളത്തിന് കുറുകെയായുള്ള ന്യൂനമര്‍ദ്ദപാത്തിയും തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം മഴ മെച്ചപ്പെടാന്‍ കാരണം. ഇനി മണ്‍സൂണിന് തയ്യാറെടുക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. 18ആം തിയ്യതിയോടെ കാലവര്‍ഷം ആന്‍ഡമാന്‍ തീരത്തെത്തും. ലക്ഷദ്വീപും കടന്ന് കാലവര്‍ഷം കേരളത്തിലേക്ക് എത്താന്‍ ഇത്തവണ വൈകിയേക്കില്ല.

സാധാരണ ജൂണ്‍ ഒന്നിന് തുടങ്ങുന്ന കാലവര്‍ഷം എട്ട് ദിവസം വൈകിയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ തുടങ്ങിയത്. 34 ശതമാനം കുറവ് മഴയാണ് 2023ല്‍ കിട്ടിയത്. എല്‍ നിനോ കഴിഞ്ഞ് വരുന്ന വര്‍ഷങ്ങളില്‍ മണ്‍സൂണ്‍ സമയത്ത് കേരളത്തില്‍ കൂടുതല്‍ മഴ കിട്ടാറുണ്ട്. ഇത്തവണയും അതിവര്‍ഷ സാധ്യതകള്‍ക്ക് കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പുകള്‍.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ