കോഴിക്കോട്: റായിബറേലിയില്‍ സ്ഥാനാര്‍ത്ഥിയായതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അമേഠിയിലാണ് മത്സരിച്ചിരുന്നതെങ്കില്‍ സ്വന്തം മണ്ഡലം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണെന്നെങ്കിലും പറയാമായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ യുപിയില്‍ വിജയിച്ച ഏക സീറ്റായ റായ്ബറേലിയില്‍ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. രാഹുല്‍ഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ബിജെപി ആരോപണം ശരിയായിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇപ്പോള്‍ കുടുംബത്തെ ചതിച്ചിരിക്കുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി സ്ഥിരം ചെയ്യുന്നത് പോലെ വയനാട്ടുകാരെ കബളിപ്പിച്ചു. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിയും വരെ ഉത്തരേന്ത്യയില്‍ മത്സരിക്കുന്ന കാര്യം അദ്ദേഹം മറച്ചുവെച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി രാഹുല്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുന്നത് ഇപ്പോള്‍ സമ്പൂര്‍ണത കൈവരിച്ചിരിക്കുകയാണ്. വയനാട്ടില്‍ രാഹുലിനെ പിന്തുണച്ച യുഡിഎഫുകാരെയും കോണ്‍ഗ്രസുകാരെയും അദ്ദേഹം പറ്റിച്ചിരിക്കുകയാണ്. മുസ്ലിംലീഗ് അദ്ധ്വാനിച്ചതിന്റെ കൂലി അവര്‍ക്ക് രാഹുല്‍ കൊടുത്തു കഴിഞ്ഞുവെന്നും കെ.സുരേന്ദ്രന്‍ പരിഹസിച്ചു.
റായിബറേലിയിലും രാഹുല്‍ തോല്‍ക്കുമെന്ന് ഉറപ്പാണ്. ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍ ഓസ്‌ക്കാര്‍ അവാര്‍ഡ് കിട്ടേണ്ടയാളാണ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നും പോളിംഗ് ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. രാഹുലിനെതിരെ ശക്തമായ ഒരു വികാരം വയനാട്ടിലുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ വരെ സമ്മതിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പോടെ വയനാട് കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയല്ലാതെയായിരിക്കുകയാണ്. എംപിയെന്ന നിലയില്‍ അമേഠിയില്‍ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അദ്ദേഹം അവിടെ തോറ്റത്. ഇത് തന്നെയാണ് വയനാട്ടിലും സംഭവിച്ചതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രന്‍
അഭിപ്രായങ്ങൾ (Comments)