കേരളം

ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തില്‍ 7 ജില്ലകളില്‍ വേനല്‍ മഴ പ്രവചനം

 ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തില്‍ 7 ജില്ലകളില്‍ വേനല്‍ മഴ പ്രവചനം

തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏഴ് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നിലവില്ല. മഴ മുന്നറിയിപ്പിന് പിന്നാലെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കന്‍ഡില്‍ 20 സെ.മീറ്ററിനും 40 സെ.മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന്  രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കടലാക്രമണ ഭീഷണിയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ