തേഞ്ഞിപ്പാലം: ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന വയോധികയുടെ കഴുത്തില്‍ നിന്ന് 3 പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് മുങ്ങിയ യുവതിയെ തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പൊഴുതന മണ്ണില്‍ വീട്ടില്‍ റംഷീന (26) ആണ് അറസ്റ്റിലായത്. പെരിയമ്പലം പുളിക്കലില്‍ ഭര്‍തൃഗൃഹത്തില്‍ താമസിച്ചു വരുന്ന റംഷീന കഴിഞ്ഞ ജൂലൈ 13ന് തേഞ്ഞിപ്പലം ദേവതിയാല്‍ പറമ്പിലെ കാളിക്കുട്ടിയുടെ(80) സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്. വീടുകളിലേക്കുള്ള സാമഗ്രികള്‍ ബാഗിലാക്കി എത്തിച്ച് വില്‍പന നടത്തുന്ന റംഷീന നേരത്തെ എത്തിയപ്പോള്‍ കാളിക്കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയിരുന്നു. കൂടാതെ കാളിക്കുട്ടിക്ക് കേള്‍വി ശക്തി ഇല്ലെന്നത് അടക്കം എല്ലാ കാര്യങ്ങളും മനസിലാക്കിയാണ് പ്രതി മാല കൈക്കലാക്കിയതെന്നും പൊലീസ് അറിയിച്ചു.
യുവതിയുടെ കഴുത്തിലെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ദൃശ്യം അവ്യക്തമായി സിസിടിവിയില്‍ കണ്ടെത്തി അന്വേഷണം വ്യാപിച്ച പൊലീസ് ഒടുവില്‍ റംഷീനയാണ് പ്രതിയെന്ന് സ്ഥീരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ കെ.ഒ.പ്രദീപ്, എസ്ഐ വിപിന്‍ വി.പിള്ള, ജിഎസ്ഐ ഷാജിയിലാല്‍ എന്നിവര്‍ 3 മാസത്തിനിടെ ഒട്ടേറെ സിസിടിവി ക്യാമറകളും മറ്റും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.
അഭിപ്രായങ്ങൾ (Comments)