കേരളം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയേകുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കില്‍ ഇന്ന് വടക്കന്‍ ജില്ലകളിലാണ് സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

സംസ്ഥാനത്തെ അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത

തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കോമോറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അഞ്ച് ദിവസം കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ നിലവില്‍ പ്രത്യേക മുന്നറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല.

യെല്ലോ അലര്‍ട്ട്

22.09.2023: മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ന് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും

കേരള തീരത്ത് 22.09.2023 രാത്രി 11.30  വരെ 1.7  മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കന്‍ തമിഴ്‌നാട്  തീരത്ത് 22.09.2023 രാത്രി 11.30  വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

 

 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ