തിരുവനന്തപുരം: വരള്‍ച്ചാ ഭീഷണി തുടരവെ കേരളത്തില്‍ രണ്ടാഴ്ച്ചക്ക് ശേഷം മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഴക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകാമെന്നാണ് നിഗമനം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ ( ഐഒഡി ) പ്രതിഭാസം അനുകൂലമാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിലേറെയായി ഐഒഡി സൂചികയില്‍ അനുകൂലമായ മാറ്റമുണ്ടാകുന്നു. ഐഒഡി സൂചിക +0.34 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് +0.79 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയും പോസിറ്റീവ് ഐഒഡി പരിധിയായ +0.4 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കൂടുതലാകുകയും ചെയ്തു.
ഇതേ രീതിയില്‍ തുടര്‍ച്ചയായി നാല് ആഴ്ചക്ക് മുകളില്‍ നിന്നാല്‍ പോസിറ്റീവ് ഐഒഡി സ്ഥിരീകരിക്കും. ഐഒഡി പോസിറ്റീവിനനുസരിച്ച് അന്തരീക്ഷവും പ്രതികരിച്ചാല്‍ കേരളത്തിലും ചെറിയ തോതില്‍ മഴക്ക് അനുകൂലമാകാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മാഡന്‍ ജൂലിയന്‍ ഓസില്ലേഷന്‍ (എജെഒ) പ്രതിഭാസവും സെപ്റ്റംബര്‍ ആദ്യ വാരത്തിനു ശേഷം അനുകൂലമേഖലയിലെത്താന് സാധ്യതയുണ്ട്.
രണ്ടാം വാരത്തിനു ശേഷം കേരളത്തില്‍ മഴ ലഭിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രവചനം.
അതേസമയം, സംസ്ഥാനത്ത് വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി. മഴവെള്ള സംഭരണം അടക്കമുള്ള ജലമാനേജ്മെന്റ് ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് വിലയിരുത്തല്‍. മഴ കുറയുകയും അള്‍ട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകല്‍ച്ചൂടും കൂടി. മണ്‍സൂണ്‍ സീസണ് മുക്കാലും കഴിയുമ്പോള്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ 47 ശതമാനം കുറവ് മഴയാണ് കിട്ടിയത്. ഇനി കാര്യമായ മഴയ്ക്ക് ഈ സീസണില്‍ സാധ്യതയുമില്ല. വരള്‍ച്ച പടിവാതില്‍ക്കലെത്തി നില്‍ക്കേ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നീക്കം.
അഭിപ്രായങ്ങൾ (Comments)