തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയര്‍ന്ന തിരമാല സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. ഈ ദിവസങ്ങളില്‍ തുടര്‍ച്ചയായ മഴയ്ക്ക് സാധ്യതയില്ല. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ തീരം തൊട്ട് ദുര്‍ബലമായതിന് ശേഷം കേരളത്തില്‍ കാലവര്‍ഷം മെച്ചപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ വിദ്ഗദരുടെ വിലയിരുത്തല്‍.
അതിനിടെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരതൊട്ടുവെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് പൂര്‍ണമായും എത്താന്‍ ഒരു മണിക്കൂറോളം സമയം ഇനിയും എടുക്കും. രാത്രി എട്ട് മണിയോടെ ചുഴലിക്കാറ്റിന്റെ കണ്ണ് തീരം തൊട്ടേക്കും. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി ഗുജറാത്ത് മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്.
ചുഴലിക്കാറ്റിന്റെ ദുരന്ത തീവ്രത കുറയ്ക്കാനായി ഇതുവരെ ഒരു ലക്ഷത്തോളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നതെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. കാറ്റഗറി മൂന്നില്‍ പെടുന്ന അതി തീവ്ര ചുഴലിക്കാറ്റായാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് എത്തുന്നത്.
ഗുജറാത്തിന്റെ തീരാ മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളില്‍ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്. മൂന്നു സൈനിക വിഭാഗങ്ങളും സര്‍വ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്നു കപ്പപ്പലുകള്‍ നാവികസേന ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയില്‍ വ്യോമ, റെയില്‍, റോഡ് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
അഭിപ്രായങ്ങൾ (Comments)