മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു. മൂന്നാമത്തെ ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 397 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ഡാമിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്.വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം കനത്തമഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സെക്കന്‍ഡില്‍ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
അതേസമയം സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുര്‍ബലമാകും. എന്നാല്‍ ഒറ്റപ്പെട്ട സാധാരണ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച ആറ് ജില്ലകളിലും വെള്ളിഴായ്ച ഒന്‍പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കേരള തമിഴ് നാട് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കില്ല.
അഭിപ്രായങ്ങൾ (Comments)