കേന്ദ്രം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷകരുടെ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്നാലെയാണ് നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.
ഇന്ന് രാവിലെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉണ്ടാവും.
അതേസമയം, കര്‍ഷക സമരം പിന്‍വലിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവില കൂടാതെ മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്ന് രാകേഷ് ടിക്കയത് പറഞ്ഞു.
കര്‍ഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ആത്മാര്‍ത്ഥമായി കൊണ്ടുവന്ന നിയമങ്ങള്‍ ഒരു വിഭാഗം കര്‍ഷകരില്‍ അതൃപ്തിയുണ്ടാക്കി. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ തനിക്കറിയാം. അതുകൊണ്ടാണ് നിയമം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഭിപ്രായങ്ങൾ (Comments)