തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാ?ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴമൂലം ഇന്നലെ മണ്ണ് വീണ് മൂടി പാറശാല റെയില്‍വേ പാളത്തിലെ മണ്ണ് പൂര്‍ണമായും നീക്കാന്‍ കഴിഞ്ഞില്ല. ശക്തമായ മഴയില്‍ മണ്ണ് വീണ്ടും വീഴുകയാണ്. നെയ്യാറ്റിന്‍കര ദേശീയപാതയിലെ മരുത്തൂര്‍പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിയിട്ടുണ്ട്.അറ്റകുറ്റപണിക്ക് ശേഷം ഇന്ന് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ആണ് ശ്രമം തുടരുകയാണ്.
എറണാകുളം കാലടി മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കാലടിയില്‍ ചില ഇടങ്ങളില്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയില്‍ പറവൂര്‍ മാര്‍ക്കറ്റ് റോഡില്‍ കട തകര്‍ന്ന് വീണു.ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുളള കെട്ടിടമാണ് തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ജില്ലയിലെ മലയോര മേഖലയിലും മഴ ശക്തമാണ്. വെളിയാഴ്ച രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ ആലുവ നഗരത്തില്‍ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ പാത സമാന്തര റോഡുംതാഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. നഗരസഭ 21 വാര്‍ഡില്‍ 15 ഓളം വീടുകളില്‍ വെള്ളം കയറി. പുലര്‍ച്ചയോടെയാണ് വീടുകളില്‍ ഒരടിയോളം വെള്ളം കയറിയത്.വ്യാപാര സ്ഥാപനങ്ങളും വര്‍ക് ഷോപ്പുകളും വെള്ള കെട്ടിലായി. ഈ ഭാഗത്തുള്ള പ്രധാന അഴുക്കു കാന വൃത്തിയാക്കാത്തതാണ് പ്രദേശം വെള്ളക്കെട്ടിലാകാന്‍ പ്രധാന കാരണം. നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്റ്, ബാങ്ക് കവല ഭാഗങ്ങളും വെള്ളക്കെട്ടിലായി.എന്നാല്‍ പെരിയാല്ജലനിരപ്പില് കാര്യമായ വര്‍ധനയില്ല.
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദീ തീരങ്ങളിലും ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. വെള്ളപ്പൊക്ക മേഖലകളില്‍ ജനങ്ങള്‍ ആവശ്യം വന്നാല്‍ മാറി താമസിക്കാന്‍ സജ്ജരാകണമെന്നും മലയോര മേഖലയിലെ യാത്ര ഒഴിവാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കൊക്കാത്തോടും ആവണിപ്പാറ ഗിരിജന്‍ കോളനിയും ഒറ്റപ്പെട്ട നിലയിലാണ്. പന്തളം നാഥനടിക്കളം ഭാഗത്ത് ആറ് വീടുകളില്‍ കൊക്കാത്തോട് ഒരേക്കറില്‍ 5 വീട്ടിലും വെള്ളം കയറി. കലഞ്ഞൂരില്‍ തോട് കവിഞ്ഞ് വില്ലേജ് ഓഫീസില്‍ വെള്ളം കയറി. മുടിയൂര്‍കോണം എംറ്റിഎല്‍പിഎസില്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. അടൂരില്‍ എം സി റോഡില്‍ ഏനാത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. പുതുശേരി ഭാഗത്ത് ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കെ.പി റോഡില്‍ ചാങ്കൂര്‍ ഭാഗത്ത് ഗതാഗതം ഭാഗികമായും തടസപ്പെട്ടു. പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ വകയാറിലും ഗതാഗത തടസം അനുഭവപ്പെട്ടു. കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു. മണല്‍പ്പരപ്പില്‍ വെള്ളം കയറി. വടശേരിക്കര നരിക്കുഴിയില്‍ തോട് കര കവിഞ്ഞു. അടൂര്‍ ഏനാദിമംഗലത്ത് മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കുന്നിട വേട്ടമലയിലാണ് മണ്ണിടിഞ്ഞത്.
കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് 30 ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. കൂട്ടിക്കല്‍, തീക്കോയി, തലനാട് മേഖലകളിലെ അപകട സാധ്യതാ പ്രദേശത്തുള്ളവര്‍ ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ പെരുന്നയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
അഭിപ്രായങ്ങൾ (Comments)