തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ആറ് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
മറ്റന്നാള്‍ വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. നിലവില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. പത്താം തീയതിയോടെ പുതിയ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കും.
അതേ സമയം വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് മാത്രമാണുണ്ടായത്. 138.65 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ സ്പില്‍വേയിലെ എട്ടു ഷട്ടറുകളിലൂടെ 3800 ഘനയടിയോളം വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതേത്തുടര്‍ന്ന് പെരിയാര്‍ നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നു. മഴ ശക്തമായാല്‍ കൂടുതല്‍ വെള്ളം സ്പില്‍വേ വഴി പുറത്തേക്ക് ഒഴുക്കിയേക്കും.
അഭിപ്രായങ്ങൾ (Comments)