കേരളം

മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയ്ക്ക് വകയില്ല; മുഖ്യമന്ത്രി

മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയ്ക്ക് വകയില്ല; മുഖ്യമന്ത്രി

 

 മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി  ബന്ധപ്പെട്ട് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോള്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍  പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും ജില്ലഭരണകൂടം അറിയിച്ചു.

ഡാം തുറക്കുന്നതിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം കൂടി കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ സംഘവും സംയുക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ബോധവത്കരണം നടത്തിയിരുന്നു. പെരിയാര്‍ തീരത്തുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായിരുന്നു നടപടി.

 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടി കടന്നെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ഒഴിഞ്ഞ് നിന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് എത്താന്‍ സാധ്യതയില്ല.അഥവാ ജലനിരപ്പ് ഉയര്‍ന്നാലും ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കാനായിരുന്നു ബോധവത്കരണം.

 

2018ലേതിന് സമാനമായ സാഹചര്യം നിലവിലില്ല. കുറഞ്ഞ അളവില്‍ അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ കുറച്ച് പേരെ മാത്രമാണ് മാറ്റിപ്പാര്‍ക്കേണ്ടി വരിക. ഇവരുടെ പട്ടിക തയ്യാറാക്കി, മാറ്റുന്നതിന് ആവശ്യമായ വാഹനങ്ങള്‍ സജ്ജീകരിച്ചു. ദുരിതാശ്വാസ ക്യാന്പുകളും കണ്ടെത്തി. ഭീഷണി ഒഴിയും വരെ പ്രദേശത്തെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആര്‍ഡിഒയുടെയും രണ്ട് സബ്കളക്ടര്‍മാരുടെയും നേതൃത്വത്തില്‍ റവന്യൂസംഘത്തെയും എന്‍ഡിആര്‍എഫിനെയും വിന്യസിച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ