പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം ഗൗരവതരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിതിനയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം. പ്രണയക്കൊലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്യാമ്പസുകളില്‍ ബോധവത്കരണ പരിപാടികള്‍ക്ക് മന്ത്രി അടിയന്തര നിര്‍ദേശം നല്‍കി.
ഈ മാസം തന്നെ ബോധവത്കരണ ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് മന്ത്രി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങള്‍ സംബന്ധിച്ച് ക്ലാസുകള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ലിംഗ നീതിയെപ്പറ്റി വിശദമായ വിവരണം ഉള്‍പ്പെടുത്തണം. ഐസിസിയും ജന്‍ഡര്‍ ജസ്റ്റിസ് ഫോറങ്ങളും ഉപയോഗിക്കണമെന്നും ഐസിസി അംഗങ്ങളുടെ പേരു വിവരങ്ങള്‍ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോള്‍. സഹപാഠിയായ പ്രതി അഭിഷേകാണ് നിതിനയെ കൊലപ്പെടുത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ അഭിഷേക് കൊലപ്പെടുത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് അഭിഷേക് പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
അഭിപ്രായങ്ങൾ (Comments)