തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ വിപുലമായ പദ്ധതി തയ്യാറാക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും പദ്ധതി തയ്യാറാക്കി ഒക്ടോബര്‍ 15 ന് മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റും വിധമുള്ള ക്രമീകരണമാണ് നടത്തുക. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കും. കുട്ടികള്‍ സ്‌കൂളില്‍ എത്തുമ്പോള്‍ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം ഉറപ്പിക്കല്‍ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടുന്നതാകും പദ്ധതി.
വിവിധ വകുപ്പുകളുമായി കൂടിയാലോചനകള്‍ നടക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്ക് പൊതുജന പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് തന്നെയാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
അഭിപ്രായങ്ങൾ (Comments)