കോഴിക്കോട്: നിപ ഭീതി ഒഴിയുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തില്‍ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവായി. ഇതോടെ പരിശോധിച്ച 47 ല്‍ 46 ഉം നെഗറ്റീവായി. സമ്പര്‍ക്കപട്ടികയില്‍ ആകെയുള്ളത് 265 പേരാണ്. ഇവരില്‍ 68 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 12 പേര്‍ക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്.
സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ എല്ലാവരും നിര്‍ബന്ധമായും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. സമ്പര്‍ക്ക പട്ടികയില്‍ 47 പേര്‍ മറ്റു ജില്ലകളില്‍ ഉള്ളവരാണ്. നിലവില്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി നിരീക്ഷിക്കും. ഇതിന് ശേഷം ഇവര്‍ക്ക് വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടെങ്കില്‍ മാത്രം ഐസൊലേഷന്‍ മാനദണ്ഡം പാലിച്ച് ക്വാറന്റൈന്‍ വീട്ടില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കും.
നിപയുമായി ബന്ധപ്പെട്ട് ഇതുവരെ 4995 വീടുകളില്‍ സര്‍വേ നടത്തി. 27536 പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ടു. 44 പേര്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് താലൂക്കില്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ വാക്‌സീനേഷന്‍ പുനരാരംഭിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മൃഗ സംരക്ഷണ വകുപ്പ് ശേഖരിച്ച അഞ്ച് സാമ്പിളുകള്‍ പരിശോധനക്ക് അയക്കാനും തീരുമാനമായി.
നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. വിദേശത്ത് നിന്ന് ആന്റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും ലക്ഷണങ്ങളുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രി സഭാ യോഗം നിര്‍ദ്ദേശം നല്‍കി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. അഞ്ച് ഫലങ്ങള്‍ കൂടിയാണ് ഇനി വരാനുള്ളത്. നിരീക്ഷണകാലം ഇരട്ടിയാക്കാന്‍ തീരുമാനമുണ്ട്.
അഭിപ്രായങ്ങൾ (Comments)