കേരളം

ആയിരം പേരില്‍ 10 പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ലോക്ക്ഡൗണ്‍ ഇളവുകള്‍ എന്തൊക്കെ

 ആയിരം പേരില്‍ 10 പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ലോക്ക്ഡൗണ്‍ ഇളവുകള്‍ എന്തൊക്കെ

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ അടിമുടി മാറുന്നു. ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗണ്‍ രീതി മാറ്റി ആയിരത്തില്‍ എത്ര പേര്‍ക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. 1000ത്തില്‍ പത്ത് രോഗികളില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശം ട്രിപ്പിള്‍ ലോക്ക് ഡൗണിലാകും. അതല്ലാത്ത ഇടങ്ങളില്‍ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഇവിടെ കടകള്‍ക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുണ്ടാകില്ല.അതേസമയം, ആള്‍ക്കൂട്ട നിരോധനം സംസ്ഥാനത്ത് തുടരും. വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് മാത്രമേ പോകാനാകൂ. വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. കടകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്തവരോ, രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരോ ആകുന്നതാണ് അഭികാമ്യം എന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് വാക്‌സിനേഷന്‍ െ്രെഡവ് ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു മാസം ഒരു കോടി പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ആണ് ആലോചിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൃത്യമായി ഡോസുകള്‍ ലഭിച്ചാല്‍ ഇത് നല്‍കാനാകും

ഇതിനായി മുഖ്യമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

ഇത് വരെ ടിപിആര്‍ അടിസ്ഥാനപ്പെടുത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ രൂപീകരിച്ചാണ് ഇത് വരെ ലോക്ക്ഡൗണ്‍ നടപ്പാക്കി വന്നിരുന്നത്. അത് മാറ്റി, 1000ത്തില്‍ എത്ര പേര്‍ക്ക് കൊവിഡ് രോഗം വന്നെന്ന കണക്ക് പരിശോധിച്ച് നിയന്ത്രണങ്ങള്‍ മാറ്റി ക്രമീകരിക്കുമ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട ഒരു നിയന്ത്രണമോഡലാണ് മാറുന്നത്. 

സംസ്ഥാനത്ത് മരണനിരക്ക് .5 ആണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അഖിലേന്ത്യാ ശരാശരി 1.3 ശതമാനമാണ്. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ഏഴ് ലക്ഷത്തോളമാണ്. ഇന്ത്യയില്‍ ഇത് മൂന്ന് ലക്ഷത്തോളം മാത്രമാണ്. സംസ്ഥാനത്ത് ടിപിആര്‍ 12 ശതമാനമാണ്. ദേശീയ തലത്തില്‍ ഇത് ആറ് ശതമാനത്തോളമാണ്. കൊവിഡ് രണ്ടാം തരംഗം കേരളത്തിലെത്തിയത് വൈകി മാത്രമാണെന്നും രോഗികളുടെ എണ്ണം കൂടിത്തന്നെ നില്‍ക്കുന്നത് ഈ കാരണം കൊണ്ടാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. 

ആരോഗ്യമന്ത്രി പറഞ്ഞ നിര്‍ണായക നിയന്ത്രണങ്ങള്‍:

 

 1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി നിയന്ത്രണം

 ആള്‍ക്കൂട്ട നിരോധനം തുടരും

 വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍

 വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍

 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക് 

 മറ്റിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാം

 സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല

 കടകളുടെ പ്രവര്‍ത്തനസമയം 9 മണി വരെ നീട്ടി

ആരോഗ്യമന്ത്രിയുടെ പ്രസ്താവന

കോവിഡ് 19 മഹാമാരി ലോകത്താകമാനം ആരോഗ്യ സമൂഹിക  സാമ്പത്തിക മേഖലകളില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തില്‍ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗവ്യാപന തീവ്രത കുറച്ചു നിര്‍ത്തുന്നതിനാണ് തുടക്കം മുതല്‍ നാം ശ്രമിച്ചു പോരുന്നത്. ജനസാന്ദ്രതയില്‍, ദേശീയ ശരാശരിയുടെ ഇരട്ടിയുള്ള, ജീവിത ശൈലി രോഗങ്ങളുള്ള കേരളത്തില്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും, ടെസ്റ്റുകള്‍ നടത്തിയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷിച്ചുമുള്ള ഇടപെടലുകളിലൂടെ രോഗനിയന്ത്രണത്തിന് നമ്മള്‍ നടത്തിയ ശ്രമങ്ങള്‍ വിജയകരമാണ് എന്നാണ് ഐ.സി.എം.ആറിന്റെ സീറോ പ്രിവലന്‍സ് സ്റ്റഡി വ്യക്തമാക്കുന്നത്. കേരളത്തില്‍ ജനസംഖ്യയുടെ പകുതിയില്‍ അധികം പേരും രോഗം വരാത്തവരും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുടെ കൊറോണ വൈറസില്‍ നിന്ന് സംരക്ഷിതരുമാണ്. കേരളത്തിലെ ജനങ്ങള്‍ പൂര്‍ണ്ണതോതില്‍ നല്‍കുന്ന സഹകരണവും പിന്തുണയുമാണ് മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്.

വാക്‌സിനേഷനുള്ള നടപടികള്‍

മുഴുവന്‍ ജനങ്ങള്‍ക്കും കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്റെ ലഭ്യതയെ ആശ്രയിച്ചാണ് ഇതുള്ളത്. വാക്‌സിന്‍ ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാനാവുവെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിയാവുന്നത്ര ജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,47,90,596 പേര്‍ക്ക് ഒന്നാം ഡോസും 62,01,105 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിട്ടുണ്ട്. അതായത് 2,09,91,701 ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അതായത് 42.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലുമാണ്. മാത്രമല്ല, രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം കണക്കിലെടുത്താല്‍ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്ന് കാണാം.

 

പ്രതിദിനം 5 ലക്ഷം ആളുകള്‍ക്ക് വരെ വാക്‌സിനേഷന്‍ നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വാക്‌സിന്‍ ഡോസുകള്‍ ആവശ്യമായ തോതില്‍ ലഭ്യമായാല്‍ ഒരു മാസത്തില്‍ ഒരു കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബഹു. മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഓഗസ്റ്റ് 2ന് അയച്ച കത്തില്‍ 60 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഈ മാസം ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നിയന്ത്രണത്തിനുള്ള നടപടികള്‍

വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതുവരെ ജനങ്ങളില്‍ രോഗം വ്യാപിക്കാതിരിക്കാനും അതോടൊപ്പം ജനങ്ങളുടെ ജീവസന്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉതകുന്നവിധത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

കോവിഡിന്റെ ഒരോ ഘട്ടങ്ങളെയും അതിന്റേതായ ഗൗരവത്തില്‍ പരിശോധിച്ച് നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ പിന്തുണയോടെ ശ്രമിച്ചിട്ടുള്ളത്. കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും വാര്‍ഡ് അടിസ്ഥാനത്തിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ രൂപപ്പെടുത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് ലഘൂകരണം നടത്തുകയും ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന പ്രായോഗിക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ