മാനന്തവാടി:കോവിഡ് 19 ന്റെ പ്രതിസന്ധിക്കാലത്ത് വയനാട് ജില്ലയിലെ ജലനിധി ഉള്‍പ്പെടെയുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികളും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.ജില്ലയിലെ പനമരം,എടവക,വെള്ളമുണ്ട,നെന്‍മേനി,പുല്‍പ്പള്ളി,പൂതാടി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, കോട്ടത്തറ, കണിയാമ്പറ്റ, തിരുനെല്ലി, നൂല്‍പ്പുഴ, പൊഴുതന എന്നീ 13 പഞ്ചായത്തുകളിലായി 45000 ത്തോളം കുടുബങ്ങളാണ് ജലനിധി പദ്ധതികളില്‍ ഗുണഭോക്താക്കളായുള്ളത്. ചെറുതും വലുതുമായ ഇത്തരം പദ്ധതികളെ നടത്തിക്കൊണ്ട് പോവുന്നത് ജനകീയ സമിതികളാണ്.ഗവണ്‍മെന്റിന് മറ്റ് ബാധ്യതകള്‍ ഒന്നുമില്ലാതെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കി നല്ല നിലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന പല പദ്ധതികളും ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കോവിഡ് കാലത്ത് ഗുണഭോക്താക്കളുടെ വെള്ളക്കരം പിരിക്കാന്‍ കഴിയാത്തത് മൂലം ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കാനോ കറണ്ട് ചാര്‍ജ് അടയ്ക്കാനോ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
കൂടാതെ കൂനിന്‍മേല്‍ കുരുവെന്ന പോലെ റോഡ് വികസനത്തിന്റ് പേരില്‍ പൊതുമരാമത്ത് വകുപ്പ് ശുദ്ധജല വിതരണ പൈപ്പുകള്‍ പൊളിച്ച് മാറ്റുമ്പോള്‍ ബി എസ് എന്‍ എല്ലിനും. വാട്ടര്‍ അതോറിക്കും പൈപ്പുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള ചിലവ് നല്‍കുമെങ്കിലും ജലനിധി കമ്മിറ്റികള്‍ക്ക് ഇതും ലഭിക്കാറില്ല,കഴിഞ്ഞ ഒരു മാസക്കാലം ഒരു ജോലിക്കും പോകാന്‍ കഴിയാതെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ആദിവാസികളടക്കമുള്ള ഗുണഭോക്താക്കളെ സഹായിക്കുന്നതിന് കുറഞ്ഞത് ഒരു മാസത്തെ എങ്കിലും വൈദ്യുതി ചാര്‍ജ് ഒഴിവാക്കി പദ്ധതികളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപെടുത്താന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണമെന്ന് ശുദ്ധജല വിതരണ ഫെഡറേഷന്‍ ഓഫ് വയനാട് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങൾ (Comments)