മോട്ടോര്‍ തൊഴിലാളികള്‍ 12ന് പണിമുടക്കും
കല്‍പ്പറ്റ: ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 12ന് തൊഴിലാളികള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തി കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഇന്ധനം, ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ എന്നിവയുടെ വിലവര്‍ധനയിലും നിത്യോപയോഗ സാധനങ്ങളിലുണ്ടായ ക്രമാതീതമായ വിലക്കയറ്റത്തിലും തൊഴിലാളികളുടെ ജീവിതം ദുഷ്‌കരമാണ്. 2022ലാണ് ഓട്ടോ-ടാക്‌സി ചാര്‍ജ് ഒടുവില്‍ പുതുക്കി നിശ്ചയിച്ചത്. 2022ല്‍ ഡീസല്‍ ലിറ്ററിന് 75 രൂപയും പെട്രോള്‍ ലിറ്ററിന് 80 രൂപയുമായിരുന്നു. ഡീസലിനിപ്പോള്‍ 103 രൂപയും പെട്രോളിന് 114 രൂപയും വരെയായി. സ്പീഡ് പെട്രോളിന് 125 രൂപ നല്‍കണം. ഓട്ടോറിക്ഷയ്ക്ക് വര്‍ഷത്തില്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്താന്‍ 40,000 രൂപ വരെ ചെലവാകുന്നുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നതിന് ആരംഭിച്ച പുതിയ ഓട്ടോമേറ്റഡ് സംവിധാനവും സാധാരണക്കാരന് ദ്രോഹമാണ്. ട്രേഡ് യൂണിയനുകള്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും സമീപിച്ചെങ്കിലും അനുകൂല സമീപനമില്ല. സര്‍ക്കാര്‍ ഇടപെട്ട് പഴയ ഫിറ്റ്‌നസ് പരിശോധന പുനഃസ്ഥാപിക്കാന്‍ തയ്യാറാകണം. സ്വകാര്യ വാഹനങ്ങള്‍ക്കും ബാധകമായ ജനദ്രോഹ നിയമത്തിനെതിരെ മുഴുവന്‍ ജനങ്ങളും പ്രതികരിക്കണമെന്നും തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുന്നതിനായി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
ഓട്ടോ-ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി കെ സുഗതന്‍, പ്രസിഡന്റ് കെ എം ബിജു, ടി മണി, രാജു കൃഷ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)