പുല്‍പ്പള്ളി:നരേന്ദ്ര മോദി സര്‍ക്കാര്‍ റഫേല്‍ അഴിമതിയേക്കാള്‍ വലിയ തട്ടിപ്പ് നടത്തിയ വിള ഇന്‍ഷൂറന്‍സ് പദ്ധതിയായ 'പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന' റദ്ദാക്കില്ലെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ്. പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന പദ്ധതി പരിശോധിക്കുമെന്ന് മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ളത്.കര്‍ഷക ചൂഷണ നയങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പുല്‍പ്പള്ളിയില്‍ എല്‍ഡിഎഫ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു സായിനാഥ്.
റഫേല്‍ ഇടപാടില്‍ നടന്നതിനേക്കാള്‍ വലിയ തട്ടിപ്പാണ് ഈ ഇന്‍ഷൂറന്‍സ് പദ്ധതി. 66000 കോടി രൂപയാണ് വിള ഇന്‍ഷൂറന്‍സിന്റെ പ്രീമിയമായി വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും ചേര്‍ന്ന് കുത്തക ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അടച്ചത്. എത്രയാണോ ഇന്‍ഷൂറന്‍സ് തുകയെന്നോ, കര്‍ഷകര്‍ക്ക് എത്രകിട്ടുമെന്നോ, ആര് നല്‍കുമെന്നോ എന്നത് സംബന്ധിച്ചൊന്നും ഒരു വ്യക്തതയുമില്ല. ഈ പദ്ധതി റദ്ദാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പറയേണ്ടിയിരുന്നത്. ഇത്തരം തെറ്റായ നയങ്ങള്‍ മാറ്റണം. നരേന്ദ്രമോഡി ഭരണത്തില്‍ കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി തെരുവിലിറങ്ങുന്നത് കണ്ടു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു കര്‍ഷക മുന്നേറ്റമുണ്ടായത്. കര്‍ഷകര്‍ക്കുവേണ്ടി ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, വ്യാപാരികള്‍, അഭിഭാഷകര്‍, യുവജനങ്ങള്‍ എന്നിവരെല്ലാം സമരത്തിനിറങ്ങി. 36 വര്‍ഷത്തെ തന്റെ മുംബൈ ജീവിതത്തില്‍ ഈ അനുഭവം ആദ്യമാണ്.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചപോലും ചെയ്യുന്നില്ല. ജിഎസ്ടി ബില്‍ പാസാക്കാന്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനം അര്‍ധരാത്രിയില്‍ ചേര്‍ന്ന്ചര്‍ച്ച നടത്തി. എന്നാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനചെലവിന്റെ 50 ശതമാനവും കൂടി ഉള്‍പ്പെടുത്തി താങ്ങുവില നിശ്ചയിക്കണമെന്ന സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് ഒരുമണിക്കൂര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തില്ല. സ്വമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ബിജെപി ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് കരുതിയല്ല ഈ വാഗ്ദാനം നല്‍കിയതെന്നായിരുന്നു പിന്നീട് ബിജെപി നേതാവ് നിധിന്‍ ഗഡ്ഗരി പറഞ്ഞത്. തങ്ങളങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു കേന്ദ്രകൃഷി മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ല, നയങ്ങള്‍തമ്മിലുള്ള പോരാട്ടമാണ്. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ ചര്‍ച്ചചെയ്യേണ്ടത് കാര്‍ഷിക മേഖലയിലടക്കമുള്ള കോണ്‍ഗ്രസ് നയങ്ങളും ഇടതുപക്ഷം ഉയര്‍ത്തുന്ന ബദല്‍നയങ്ങളുമാണെന്നും അദേഹം പറഞ്ഞു.
അഭിപ്രായങ്ങൾ (Comments)