കേരളം

താമരശ്ശേരി ചുരത്തിന് കാവലായി പുതുപ്പാടിയുടെ 'ഫയര്‍ ലൈന്‍'; സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിക്ക് പുതുപ്പാടിയില്‍ തുടക്കമായി

താമരശ്ശേരി ചുരത്തിന് കാവലായി പുതുപ്പാടിയുടെ 'ഫയര്‍ ലൈന്‍'; സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിക്ക് പുതുപ്പാടിയില്‍ തുടക്കമായി

പുതുപ്പാടി: കേരളത്തില്‍ ആദ്യമായി 'ഫയര്‍ ലൈന്‍' എന്ന നൂതന ആശയം ആവിഷ്‌കരിച്ച് നടപ്പിലാക്കി സംസ്ഥാനത്തിന് മാതൃകയായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്. താമരശ്ശേരി ചുരത്തില്‍ ഈ വര്‍ഷത്തെ 'ഫയര്‍ ലൈന്‍' പ്രവൃത്തികള്‍ക്ക് തുടക്കമായി. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ കലവറയും കോഴിക്കോട്‌വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയുമായ വയനാട് ചുരത്തെ വേനല്‍ക്കാല കാട്ടുതീയില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിബി ജി റാം ജി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിപ്പിലിത്തോട് മുതല്‍ ചുരം വ്യൂ പോയിന്റ് വരെ വനാതിര്‍ത്തിയില്‍ ഫയര്‍ ലൈന്‍ നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ചിപ്പിലിത്തോട് വെച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ നിര്‍വഹിച്ചു. ചുരം സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ചും ചുരത്തില്‍ മാലിന്യം വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക വിപത്തുകളെക്കുറിച്ചും അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

ഫയര്‍ ലൈന്‍ പ്രവൃത്തിയുടെ ആവശ്യകതയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും സംസാരിച്ച അദ്ദേഹം, വരുംദിവസങ്ങളില്‍ പഞ്ചായത്ത് ഏറ്റെടുക്കാന്‍ പോകുന്ന ചുരം സംരക്ഷണസൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  നജുമുന്നിസ ഷെരീഫ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.
2,900 തൊഴില്‍ ദിനങ്ങള്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലാണ് ഈ വര്‍ഷത്തെ പ്രവൃത്തികള്‍ ക്രമീകരിച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് യാത്രക്കാര്‍ അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും പടരുന്ന തീ അമൂല്യമായ വനസമ്പത്തിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ഈ ഫയര്‍ ലൈന്‍ നിര്‍മ്മാണത്തിലൂടെ സാധിക്കും.

ചടങ്ങില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മഞ്ജു കെ.പി ജൈവവൈവിധ്യ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും സംസാരിച്ചു. വനംവകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളും ചുരം സംരക്ഷണ നടപടികളും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പ്രേം ഷമീര്‍ വിശദീകരിച്ചു. പുതുപ്പാടി പഞ്ചായത്തുമായി സഹകരിച്ച് ചുരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയുന്നതിനായി ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ശുചീകരണസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് റോട്ടറി ക്ലബ് കോഴിക്കോട് നോര്‍ത്ത് പ്രസിഡന്റ് യൂജിന്‍ ജോണ്‍സണ്‍ അറിയിച്ചു.

ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഷറഫുദ്ദീന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി നാജിയ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാരായ  ഷിഹാബ്, അഷ്‌റഫ്,  ഷിജു ഐസക്,  ഷാഫി വളഞ്ഞപാറ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സബിത, മുസ്ലിം ലീഗ് പ്രസിഡന്റ്  വി.കെ ഹുസൈന്‍കുട്ടി, ശ്രീ. മേലേടത്ത് അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കോഴിക്കോട് നോര്‍ത്ത് റോട്ടറി ക്ലബ് പ്രോജക്ട് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോണി ജോര്‍ജ് നന്ദി രേഖപ്പെടുത്തി.
ജനപ്രതിനിധികള്‍, ചുരം ബ്രിഗേഡ് പ്രവര്‍ത്തകര്‍, ചുരം സംരക്ഷണ സമിതി നേതാക്കള്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, വിബി ജി റാം ജി ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, റോട്ടറി ക്ലബ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ