അതിജീവന മഹാദാനം: 2000 പേരുടെ രക്തദാനത്തിന് തയ്യാറായി നെന്മേനി
ബത്തേരി: അതിജീവന മഹാദാനം എന്ന പേരില്‍ രക്തദാനത്തിന് തയ്യാറാവുന്ന 2000 പേരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ നെന്മേനി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം. കോവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് രക്തം നല്കാനാവാത്ത സാഹചര്യത്തില്‍ ബ്ലഡ് ബാങ്കുകളില്‍ രക്തത്തിന് ക്ഷാമം നേരിട്ടേക്കാം എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വിപുലമായ രക്തദാനത്തിന് പദ്ധതിയിടുന്നത്. പരിപാടിയുടെ ഉത്ഘാടനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 23 വാര്‍ഡിലെയും ഓരോരുത്തര് രക്തം നല്കി മെയ് 10 ന് ബ്ലഡ് ബാങ്കില്‍ നടക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടേയും യുവജന സംഘടനകളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ നിന്ന് രക്തം നല്കാന് തയ്യാറാവുന്നവരുടെ രജിസ്ട്രേഷന് നടത്തും.18 നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിന് രജിസ്ട്രേഷന് ആരംഭിക്കുന്ന വാര്‍ഡ്തല കൗണ്ടറുകള്‍ വഴിയും രക്തദാനത്തിനുള്ള സമ്മതപത്രങ്ങള്‍ ശേഖരിക്കും. രക്തം ആവശ്യമാവുന്ന മുറക്ക് താലൂക്ക് ആസ്പത്രിയിലെ ബ്ലഡ് ബാങ്കില്‍ എത്തിയും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ നടത്തിയും രക്തദാന ക്യാമ്പയിന് പൂര്‍ത്തിയാക്കും.പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,ജയ മുരളി, കെ വി ശശി,സുജാത ഹരിദാസ്,വി ടി ബേബി, കെ വി കൃഷ്ണന്‍കുട്ടി,ഷാജി കോട്ടയില്‍,സെക്രട്ടറി എം വിനോദ് കുമാര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍