കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: എം.എം ഹസ്സന്‍

കല്‍പ്പറ്റ: ക്രിമിനല്‍ പാര്‍ട്ടി ഓഫ് ഇന്ത്യയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍. ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം നിയമവാഴ്ച തകര്‍ന്ന സംസ്ഥാനമായി മാറിക്കഴിഞ്ഞു. ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണെന്നും സി.പി.എം നേതാക്കളുടെ ഗൂഡാലോചനയുടെ ഫലമാണ് ഷുഹൈബിന്റെ വധമെന്നും അദ്ദേഹം.ഷുഹൈബിന്റെ വധത്തിന് ശേഷം മണ്ണാര്‍ക്കാട് സഫീര്‍ എന്ന യുവാവിനെ കൊലപ്പെടുത്തി. സി പി എമ്മില്‍ നിന്ന് രാജിവെച്ച് സി പി ഐയിലെത്തിയവരായിരുന്നു കൊലയാളികള്‍. ആദ്യം പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് പാര്‍ട്ടീബന്ധം മറനീക്കി പുറത്തുവരികയായിരുന്നു. അതിന് ശേഷമാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. പൊലീസ് ജീപ്പില്‍ നടന്നുപോയി കയറിയ മധുവെന്ന യുവാവ് വാരിയെല്ല് തകര്‍ന്നാണ് മരിച്ചതെന്നാണ് പറയുന്നത്. പൊലീസ് ജീപ്പില്‍ വെച്ച് മധുവിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുത്തപ്പോള്‍ പൊലീസ് അതിന് കൂട്ടുനില്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടിയില്‍ ഉറച്ച് നില്‍ക്കുകയാണ്. മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ തൃശ്ശൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. ദിവസങ്ങള്‍ക്ക് ശേഷം ആ യുവാവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയാണ്. ഇത്രയും ക്രൂരനായ ഒരു മുഖ്യമന്ത്രിയെ ഇതിന് മുമ്പ് കേരളം കണ്ടിട്ടില്ല. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് വൈദ്യസഹായം നല്‍കാനും മറ്റുമായി കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചത്. സാമൂഹ്യ അടുക്കള വരെ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ഇത്തരം സംഭവങ്ങളുണ്ടായതെന്നത് ഖേദകരമാണ്.
പൊലീസിന്റെ ഭരണം സി പി എമ്മിന്റെ കൈയ്യിലുള്ളടത്തോളം കാലം ഇവിയെ നിയമവാഴ്ചയുണ്ടാവില്ല. ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്താന്‍ പൊലീസ് തീരുമാനിച്ചയുടന്‍ അത് ചോര്‍ന്നു. പൊലീസിനകത്ത് പോലും സൈബര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തെ ആ തിന്മകളില്‍ നിന്നും രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ അവാര്‍ഡ് ജേതാവ് പി ടി ഗോപാലക്കുറുപ്പിനെ എം എം ഹസ്സന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. വീക്ഷണം ദിനപത്രത്തിന്റെ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാമിനെ വരിക്കാരനാക്കി എം എം ഹസ്സന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, എം ഐ ഷാനവാസ് എം പി, കെ പി അനില്‍കുമാര്‍, ജെയ്‌സണ്‍ ജോസഫ്, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, സോണി സെബാസ്റ്റ്യന്‍, കെ സി റോസക്കുട്ടി, പി വി ബാലചന്ദ്രന്‍, എന്‍ ഡി അപ്പച്ചന്‍, പി പി ആലി, കെ എല്‍ പൗലോസ്, വി എ മജീദ്, കെ പി പോക്കര്‍ഹാജി, കെ കെ വിശ്വനാഥന്‍, എന്‍ കെ വര്‍ഗീസ്, സി പി വര്‍ഗീസ്, പി ടി ഗോപാലക്കുറുപ്പ്, എം എ ജോസഫ്, കെ എം ആലി, മംഗലശ്ശേരി മാധവന്‍മാസ്റ്റര്‍, ഒ വി അപ്പച്ചന്‍, സി ജയപ്രസാദ്, എം ജി ബിജു, ബിനു തോമസ്, നിസി അഹമ്മദ്, കെ ഇ വിനയന്‍, പി കെ അബ്ദുറഹ്മാന്‍, പി എം സുധാകരന്‍, എന്‍ സി കൃഷ്ണകുമാര്‍, പി കെ അനില്‍കുമാര്‍, എക്കണ്ടി മൊയ്തൂട്ടി, പി വി ജോര്‍ജ്ജ്, ഒ ആര്‍ രഘു, വിജയമ്മ ടീച്ചര്‍, ആര്‍ പി ശിവദാസ്, ഉലഹന്നാന്‍ നീറന്താനത്ത്, പി ഡി സജി, പി കെ കുഞ്ഞിമൊയ്തീന്‍, പോള്‍സണ്‍ കൂവക്കല്‍, കമ്മന മോഹനന്‍, മോയിന്‍ കടവന്‍, ചിന്നമ്മ ജോസ് സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍