മാനന്തവാടി നഗരസഭയ്ക്ക് മാസ്റ്റര്‍പ്ലാന്‍; മാര്‍ച്ച് 03 ന് പൊതുജന പങ്കാളിത്തോടെ വികസന സെമിനാര്‍
മാനന്തവാടി നഗരത്തിന്റെ നഗരസഭ ഭാവി ആസൂത്രിത വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരട് സമഗ്ര വികസന രൂപരേഖ പൊതുജനാഭിപ്രായത്തിനായി സമര്‍പ്പിക്കുന്നു. മാര്‍ച്ച് 03 ന് മാനന്തവാടി ടൗണ്‍ ഹാളില്‍വെച്ച് നടക്കുന്ന വികസന സെമിനാറില്‍വെച്ചാണ് രൂപരേഖ പൊതുജന സമക്ഷം സമര്‍പ്പിക്കുന്നത്. ജില്ലാ കളക്ടര്‍, എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാനന്തവാടി നഗരത്തിന്റെ ഭാവിക്കായി നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രസ്തുത സെമിനാറില്‍ ഏവരും പങ്കെടുക്കണമെന്ന് നഗരസഭ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. വയനാട് ജില്ലയുടെ സാംസ്ക്കാരിക ആസ്ഥാനവും, മാനന്തവാടി താലൂക്കിന്റെ ആസ്ഥാനവും 2015ല്‍ നഗരസഭയായി ഉയര്‍ത്തപ്പെട്ടതുമായ മാനന്തവാടി നഗരസഭ ഭാവി ആസൂത്രിത വികസനം മുന്‍ നിര്‍ത്തി തയ്യാറാക്കിയ കരട് സമഗ്ര വികസന രൂപരേഖ (മാസ്റ്റര്‍ പ്ലാന്‍) യാണ് ജനാഭിപ്രായത്തിനായി സമര്‍പ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 'നഗരസഭകള്‍ക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കല്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരഗ്രാമാസൂത്രണ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും തയ്യാറാക്കിയ കരട് മാസ്റ്റര്‍പ്ലാന്‍ ആണ് 03.03.2018ാം തീയ്യതി മാനന്തവാടി ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന വികസന സെമിനാറില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതെന്ന് നഗരസഭ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. . നഗരസഭാ പ്രദേശത്തിന്റെ നിലവിലെ ഭൂവിനിയോഗം, സാമൂഹികസാമ്പത്തിക സ്ഥിതി ,ഗതാഗതരംഗത്തെ നിലവിലെ അവസ്ഥ, മേഖലാ ബന്ധങ്ങള്‍, വിവിധ വികസന മേഖലകളുടെ നിലവിലെ സ്ഥിതി മുതലായവ ശാസ്ത്രീയമായി നിര്‍ണയിച്ച് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ വിശദമായ ചര്‍ച്ച ചെയ്ത്, പ്രശ്നങ്ങളും സാധ്യതകളും വിലയിരുത്തി, ഭാവിയിലെ വികസനാവശ്യങ്ങള്‍ സമഗ്രമായി നിര്‍ണയിച്ച് തയ്യാറാക്കിയതാണ് കരട് വികസന രൂപരേഖ. പ്രസ്തുത രൂപരേഖയില്‍ മാനന്തവാടിയിലെ ഭാവി വികസന ആവശ്യം മുന്‍നിര്‍ത്തി ഹ്രസ്വകാലദീര്‍ഘകാല പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ടൗണ്‍ പാര്‍ക്ക്, സ്റ്റേഡിയം, ശ്മശാനം, കണ്വെന്ഷന് സെന്റര്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, പുഴയോര പാര്‍ക്കുകള്‍, പ്രത്യേക ടൂറിസം മേഖല, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ടൗണ്‍ഹാള്‍, വ്യവസായ മേഖല, ബസ് ടെര്‍മിനല്‍ കോംപ്ലക്സ്, സ്പോര്‍ട്സ് കോംപ്ലക്സ്, റിംഗ് റോഡുകള്‍, പാര്‍ക്കിംഗ് പ്ലാസ എന്നിവ ഇവയില്‍ ഏതാനും ചിലതാണെന്ന് നഗരസഭ പ്രതിനിധികള്‍ അറിയിച്ചു.
വികസന സെമിനാറില്‍ കരട് മാസ്റ്റര്‍പ്ലാന്‍ വിശദമായി ചര്‍ച്ച ചെയ്ത് അന്തിമമാക്കുന്നതാണ്. നഗരസഭാ ചെയര്‍മാന്റെ അധ്യക്ഷതയിലുള്ള വികസന സെമിനാര്‍ മാനന്തവാടി എം.എല്‍.എ .ഒ ആര്.കേളു ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ എസ് സുഹാസ് മുഖ്യ പ്രഭാഷണം നടത്തും. സെമിനാറില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.സത്യബാബു, അസി. ടൗണ്‍ പ്ലാനര്‍ രഞ്ജിത് കെ.എസ് എന്നിവര്‍ കരട് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കും. സെമിനാറില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പ്രതിഭ ശശി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി ടി ബിജു, ശാരദാ സജീവന്, വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കടവത്ത് മുഹമ്മദ് എന്നിവരും ജില്ലാ ടൗണ്‍ പ്ലാനര്‍ .കെ.സത്യബാബു, അസി. ടൗണ്‍ പ്ലാനര്‍ രഞ്ജിത് കെ.എസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍