മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുവാന്‍ ആഹ്വാനം : മാവോയിസ്റ്റിന്റെ പേരില്‍ പത്ര പ്രസ്താവന ; കല്‍പ്പറ്റ പ്രസ് ക്ലബ് ലെറ്റര്‍ ബോക്‌സിലാണ് പ്രസ്താവന ലഭിച്ചത്

ആദിവാസി സമൂഹത്തിന് നേരെയുള്ള മലയാളി വംശീയ കടന്നാക്രമണത്തെ ചെറുക്കുക;മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുക എന്ന് ആഹ്വാനം ചെയ്ത് കൊണ്ടുള്ള പ്രസ്താവനയാണ് ലഭിച്ചിട്ടുള്ളത്.ജോഗി , വക്താവ്, സി പി ഐ (മാവോയിസ്റ്റ് ) എന്ന പേരിലാണ് പത്രപ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. കോഴിക്കോടും മലപ്പുറവും സമാന രീതിയിലുള്ള പ്രസ്താവനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം:
അട്ടപ്പാടിയില്‍ കടുകമണ്ണ ഊരിലെ മധുവിനെ കൊലചെയ്ത നടപടി ആദിവാസി സമൂഹത്തിനുമേലുള്ള അത്യന്തം ക്രൂരമായ മലയാളി വംശീയതയുടെ ആധിപത്യമാണ് പ്രകടമാക്കുന്നത്.ഇതില്‍ മുഴുവന്‍ ജനാധിപത്യ പുരോഗമന ശക്തികളും പ്രതിഷേധിക്കുക.നൂറുകണക്കിന് ആദിവാസികള്‍ അട്ടപ്പാടിയിലും കേരളത്തിന്റെ മറ്റ് ആദിവാസി മേഖലകളിലും വംശീയ കടന്നാക്രമണത്തിന്റെ ഭാഗമായി മലയാളികളാല്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്.
ഈയിടെ നിലമ്പൂരില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ പൂക്കോട്ടുപാടം ചേലാട് കോളനിയിലെ കണ്ണന്റെ അന്ത്യം ഈ മനോഭാവത്തിന്റെ ദൃഷ്ടാന്തം തന്നെയാണ്.ദൈനംദിന ജീവിതത്തില്‍ കേരളത്തില്‍ ഈ ജനത മലയാളി വര്‍ഗീയതയുടെ ബഹുമുഖമായ തോതിലുള്ള കടന്നാക്രമണത്തില്‍ വിധേയരായിക്കൊണ്ടിരിക്കുകയാണ്.ഒരു പരിഷ്‌കൃത സമൂഹമെന്ന് അഹങ്കരിക്കുന്ന കേരളീയ സമൂഹത്തിന്റെ യഥാര്‍ത്ഥ പിന്തിരിപ്പന്‍ മുഖമാണ് മലയാളികള്‍ ഇത്തരത്തില്‍ അനാവരണം ചെയ്തിരിക്കുന്നത്.
കക്ഷി രാഷ്ട്രീയ കൊലപാതകത്തില്‍ മത്തുപിടിച്ച് മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന സി.പി.എം ഉം മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സംഭവങ്ങള്‍ ആകസ്മികമായിട്ടാണ് ചിത്രീകരിക്കുന്നത്.ഇത് ഗോത്ര സമൂഹങ്ങള്‍ക്ക് നേരെയുള്ള അക്രമണ വാഴ്ച്ചയെ വെള്ളപൂശുന്ന വംശീയ സമീപനമാണ്.വിശക്കുന്നവനെ തല്ലിക്കൊല്ലുന്ന മലയാളി വംശീയധിനിവേശക്കാര്‍ക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിക്കുന്നതിന് മുഴുവന്‍ മര്‍ദ്ദിതരും ഒന്നിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍