വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം:ജില്ലാ വികസന സമിതി

ജില്ലയില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വിവിധ വകുപ്പുകള്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ വികസന സമിതിയോഗം നിര്‍ദ്ദേശിച്ചു. റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 150 കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ കുടിവെള്ളം എത്തിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ ഇടങ്ങള്‍ കണ്ടെത്തി തഹസില്‍ദാര്‍മാരെ അറിയിച്ചാല്‍ കുടിവെള്ളം എത്തിക്കും.
മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പ്രദേശങ്ങള്‍ കൂടാതെ നൂല്‍പ്പുഴ, തിരുനെല്ലി എന്നിവിടങ്ങളിലും വരള്‍ച്ച കഠിനമാകാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശത്ത് സര്‍ക്കാര്‍ അനുവദിച്ച വരള്‍ച്ചാ പ്രതിരോധ പദ്ധതിക്ക് പ്രാഥമികമായി ലഭിച്ച അഞ്ചുകോടി രൂപയുടെ പ്രവര്‍ത്തനങ്ങല്‍ തുടങ്ങിയതായി മണ്ണ് സംരക്ഷണ ഓഫീസര്‍ യോഗത്തില്‍ പറഞ്ഞു. 1500 കിണറുകള്‍ റീചാര്‍ജ് ചെയ്തു. കൂടുതല്‍ ചെക്ക് ഡാമുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കബനി ജലസംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതിയും മുന്നോട്ട് പോകുന്നുണ്ട്.
വനത്തില്‍ കാട്ടുതീ പ്രതിരോധ ഭിത്തി ചിലയിടങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വന്യമൃഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ കുളങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്് വനംവകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. കാട്ടുതീ തടയുന്നതിനും മറ്റുമായി വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാരുമായി പ്രത്യേക യോഗം ചേരുമെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. പനമരം ബ്ലോക്കില്‍ എന്‍.ആര്‍.ഇ.ജി.എസ് വഴി 90 കുളങ്ങള്‍ കുഴിച്ചു. 27 കിണറുകളുടെ റീചാര്‍ജിങ് പൂര്‍ത്തിയാക്കി. 230 എണ്ണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വച്ചിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ ജാഗ്രത ക്യാമ്പയിന്‍ വടക്കന്‍ കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്നതായി വിലയിരുത്തിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത കുടിവെള്ളവും വെക്ടര്‍ സാന്ദ്രതയുമാണ് രോഗ കാരണം. ജൈവ-അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും ഹരിതകര്‍മ സേനകളെ സജീവമാക്കി നിര്‍ത്തണമെന്നും ആരോഗ്യവകുപ്പ് ഹരിതകേരള മിഷന്‍ വഴി ശ്രമിച്ചുവരുന്നതായി യോഗത്തില്‍ അറിയിച്ചു. വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കി. പാമ്പന്‍ കൊല്ലി, മണിമുണ്ട സെറ്റില്‍മെന്റുകളിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ അനുമതി നല്‍കാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും കെ.എസ്.ഇ.ബി വീണ്ടും അപേക്ഷിക്കുന്നപക്ഷം അനുമതി നല്‍കുമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ യോഗത്തില്‍ പറഞ്ഞു. കിഫ്ബി പദ്ധതിപ്രകാരം മാനന്തവാടി, എടവക, നല്ലൂര്‍നാട് വില്ലേജുകള്‍ക്കായുള്ള അംഗീകാരം ലഭിച്ച 18 കോടി രൂപയുടെ പദ്ധതിയില്‍ 68 കിലോമീറ്റര്‍ വിതരണ ശൃംഖല സ്ഥാപിച്ചുകഴിഞ്ഞതായും ബാക്കി പ്രവര്‍ത്തി പുരോഗമിച്ചുവരുന്നതായും വാട്ടര്‍ അതോറിട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തി വര്‍ഷത്തെ എക്‌സ്‌പെന്‍ഡീച്ചര്‍ നിലവില്‍ 47.57 ശതമാനമാണെന്നും ഗ്രാമപഞ്ചായത്തുകള്‍ 51.93 ശതമാനം തുക ചെലവഴിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, എ.ഡി.എം. കെ.എം.രാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഡി.എഫ്.ഒ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍