ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി ശാസ്ത്രയാന്‍ മേള
മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെയും രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്റെയും സഹകരണത്തോടെ മാനന്തവാടി ഗവ:കോളേജില്‍ നടക്കുന്ന കലാസാംസ്കാരികശാസ്ത്ര സാമൂഹ്യ ശാസ്ത്രകാര്ഷികവിദ്യാഭ്യാസ മേള 'ശാസ്ത്രയാന്‍ 2018 ' ന് വന്‍ ജനപങ്കാളിത്തം.മാനന്തവാടി ഗവ.കോളേജിലെ വിവിധ പഠന വകുപ്പുകള്‍ ഒരുക്കിയ പ്രദര്‍ശനം കാണാന്‍ നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമാണ് കോളേജിലെത്തുന്നത്.കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഒരുക്കിയ ജൈവ കാര്‍ഷിക സ്റ്റാളില്‍ പരമ്പരാഗത കാര്‍ഷിക വിത്തുകളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. നെല്‍ വിത്തുകളുടെയും കിഴങ്ങ് വര്‍ഗ്ഗങ്ങളുടെയും അപൂര്‍വ്വ ശേഖരം സ്റ്റാളിലുണ്ട്. വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരി മേരി ഷെല്ലിയുടെ ഫ്രാങ്കന്‍ സ്റ്റന് എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം നടക്കുന്ന സ്റ്റാളിലും ജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ 3 ഡി പ്രിന്റിംഗ് പരിചയപ്പെടുത്തലും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നൊബേല്‍ സമ്മാന ജേതാക്കളുടെ വിവര പ്രദര്‍ശനവും മേളക്ക് മിഴിവേകുന്നു. കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജി.എസ്.ടി അവബോധനം ഏറെ വിജ്ഞാന പ്രദമാണെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, വികാസ് പീഡിയ ഐ.ടി മിഷന്, കേരള ആരോഗ്യ വകുപ്പ്, കുടുംബശ്രീ, പഴശ്ശി ഗ്രന്ഥാലയം എന്നിവയുടെ സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, മാജിക് ഷോ, ഭക്ഷ്യമേള, യോഗ പ്രദര്‍ശനം, ചരിത്ര പുരാവസ്തു പ്രദര്‍ശനം, ശാസ്ത്ര ഗെയിമുകള്‍ തുടങ്ങിയവും ശാസ്ത്രയാന്‍ നഗരിയിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ചലനങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഗവ: ആവിഷ്കരിച്ച പദ്ധതിക്ക് ആദ്യമായാണ് മാനന്തവാടി ഗവ:കോളേജ് വേദിയാകുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍