എം.എസ്.എഫ് ആര്.ടി.ഒ ഓഫീസ് മാര്‍ച്ചും അവകാശപത്രികാ സമര്‍പ്പണവും നടത്തി
മാനന്തവാടി: സ്വകാര്യ ബസ് മാനേജ്മെന്റിന്റെ ഇംഗിതത്തിനനുസരിച്ച് വിദ്യാര്‍ത്ഥികളുടെ യാത്രാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാര്‍ തുനിയുന്നതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി സബ് ആര്.ടി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും അവകാശ പത്രികാ സമര്‍പ്പിക്കുകയും ചെയ്തു. ബസ് ഉടമകളുടെയും സര്‍ക്കാരിന്റെയും ഒത്തുകളിയില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാവകാശങ്ങള്‍ നിഷേധിക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് എം. എസ്.എഫ് മുന്നറിയിപ്പ് നല്കി. വിദ്യാര്‍ത്ഥികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന നിരവധി യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന യാത്രാസംരക്ഷണ കാമ്പയിനിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.പരീക്ഷാ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്ന ബസ് സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്നും നിരവധി തവണ പൊതുനിരക്ക് ഉയര്‍ത്തിയപ്പോഴും വിദ്യാര്‍ത്ഥി നിരക്ക് നിലനിര്‍ത്തിയ സമീപനം തുടരണമെന്നും സമരം ആവശ്യപ്പെട്ടു.മാര്‍ച്ച് എം.എസ്.എഫ് ജില്ലാ ട്രഷറര്‍ അസീസ് വെള്ളമുണ്ട ഉല്‍ഘാടനം ചെയ്തു. ഷഫീഖ് അണിയാരത്ത് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അജ്മല്‍ ആറുവാള്‍ സ്വാഗതം പറഞ്ഞു. ഇസ്മായില്‍ അരണപ്പാറ, ഷാനിദ് മായന്‍,റമീസ് പനമരം,നിഷാദ് വെള്ളമുണ്ട, അജ്സല്‍ രണ്ടേനാല് ,നിയാസ് കെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍