വജ്ര ജൂബിലിയുടെ നിറവില്‍ വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍
വള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വജ്ര ജൂബിലിയുടെ നിറവില്‍ എത്തിനില്‍ക്കുന്നു. 1957 ലാണ് വിദ്യാലയം സ്ഥാപിതമായത്. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ വെള്ളമുണ്ടയിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ക്ക് അസ്ഥിവാരമിടാന്‍ ഈ വിദ്യാലത്തിന് സാധിച്ചിട്ടുണ്ട്. ആരംഭകാലത്ത് വെള്ളമുണ്ട ,തൊണ്ടര്‍നാട്, എടവക, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം ആയിരുന്നു. വിദ്യാഭ്യാസ പരമായി ഏറ്റവും പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങളെ പ്രത്യേകിച്ച് ആദിവാസി ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
1979ല്‍ വിദ്യാലയം മോഡല്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു.1998 ലാണ് ഹയര്‍സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് ജില്ലയില്‍ ഏറ്റവും കുടുതല്‍ കോമ്പിനേഷനുകളോടെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി വിഭാഗമാണ് സ്കൂളിലുള്ളത് .കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷയ്ക്കിരിക്കുന്ന വിദ്യാലയമാണിത് . ഈ വര്‍ഷം 412 കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നു.
എണ്ണത്തില്‍ മാത്രമല്ല ഗുണ മേന്മയിലും വിദ്യാലയം മുന്‍ പന്തിയിലാണ്. കഴി!ഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ 97% വിജയവും 15വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡും ലഭിച്ചു. ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളില്‍ വര്‍ഷങ്ങളായി നൂറ് ശതമാനം വിജയം ലഭിച്ച് വരുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് .പി .സി) ,ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് (ജെ .ആര്. സി), എന്‍. എസ് .എസ് വിഭാഗങ്ങള്‍ സ്കൂളിലുണ്ട്. പുതുതായി എന്‍. സി.സി യൂണിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയം.
അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 3 കോടി രൂപയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എം. എസ് .ഡി .പിപദ്ദതിയില്ഉള്പ്പെടുത്തി1കോടി രൂപയും മാനന്തവാടി എം. എല്‍. എ ശ്രീ :ഒ. ആര് കേളുവിന്റെ എം. എല്‍ .എ ഫണ്ടില്‍ നിന്നും സ്കൂള്‍ ഗ്രൗണ്ട് നവീകരണത്തിനായി 45 ലക്ഷം രൂപയും സ്കൂളിന് അനുവദിച്ചിട്ടുണ്ട്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ദതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയം ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി 27 ക്ലാസ് റൂമുകളാണ് മള്‍ട്ടി മീഡിയസംവിധാനങ്ങള് ഉപയോഗിച്ച് ഹൈടെക്ക് ആക്കിയത്. സര്‍ക്കാര്‍ ഫണ്ടിനോടൊപ്പം ഏകദേശം 12 ലക്ഷം രൂപ പൊതു ജനങ്ങളില്‍ നിന്നും സമാഹരിച്ചാണ് അഭിനന്ദനാര്‍ഹമായ നേട്ടം വിദ്യാലയം കൈവരിച്ചത്.
സ്കൂളിലെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഹൈടെക്ക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും മാനന്തവാടി എം എല്‍ എ ഒ. ആര്‍കേളു നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: പ്രീത രാമന് അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഖമര്‍ ലൈല നിര്‍വഹിച്ചു.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ മൊയ്തു മാസ്റ്റര്‍ക്കും,അച്യുതന് മാസ്റ്റര്‍ക്കുമുള്ള ഉപഹാര സമര്‍പ്പണം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സക്കീന കുടുവ നിര്‍വഹിച്ചു.
വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സ്കൂള്‍ പ്രിന്‍സിപ്പള്‍ നിര്‍മല ദേവി പതാക ഉയര്‍ത്തി. വര്‍ണ്ണ ശബളമായ ഘോഷയാത്ര വാര്‍ഷികാഘോഷത്തിന് നിറപ്പകിട്ടേകി.പൊതു സമ്മേളനത്തിന് പി.ടി.എ പ്രസിഡന്റ് പ്രേം പ്രകാശ് സ്വാഗതം ആശംസിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.കെ സുധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം .പി .ടി. എ പ്രസിഡന്റ് റംല ജമാല്‍ ,പി.ടി.എ വൈസ്പ്രസിഡന്റ് ടി. കെ മമ്മൂട്ടി, എം ചന്ദ്രന് മാസ്റ്റര്‍, അബ്ദുല്‍ അസീസ്, സ്കൂള്‍ എസ് .എം .സി ചെയര്മാന് അബ്ദുള്ള കേളോത്ത്,മുരളി മാസ്റ്റര്‍, കുമാരി ജാസ്മിന്, നാസര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും പ്രശസ്ത ഗായകനായ ഫിറോസ് നാദാപുരം, കൈരളി ടി വി പട്ടുറുമാല് ഫെയിം കുമാരി ഹിമാനി തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍