സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കായികപരിശീലനമൊരുക്കി 'സൈനികന്'
പുല്‍പ്പള്ളി: കായികമേളയില്‍ ഏറെ പിന്നോക്കം നില്ക്കുന്ന വയനാട്ടില്‍ അത്ലറ്റിക്സില് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യപരിശീലനമൊരുക്കുകയാണ് ബി എസ് എഫ് ജവാനായിരുന്ന പുല്‍പ്പള്ളി താണിത്തെരുവ് ചെങ്ങനാമഠത്തില്‍ സി പി സജി. പുല്‍പ്പള്ളി സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തിലാണ് പുല്‍പ്പള്ളിമേഖലയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സജി സൗജന്യ പരിശീലനം നല്‍കുന്നത്. ജില്ലാ, സംസ്ഥാന കായികമേളയില്‍ സജിയുടെ വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ മികവ് പുലര്‍ത്തിക്കഴിഞ്ഞു. രണ്ട് വിദ്യാര്‍ത്ഥികള്‍ ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലും പ്രവേശനം നേടിക്കഴിഞ്ഞു. നിലവില്‍ പുല്‍പ്പള്ളി വിജയ സ്കൂള്‍, കല്ലുവയല്‍ ജയശ്രീ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, പെരിക്കല്ലൂര്‍ ഗവ. ജി എച്ച് എസ് എസ്, മുള്ളന്‍കൊല്ലി സെന്റ്മേരീസ് സ്കൂള്‍, പഴശ്ശിരാജാ കോളജ്, ബത്തേരി സെന്റ്മേരീസ് കോളജ് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സജി സൗജന്യ പരിശീലനം നല്‍കിവരുന്നത്. രാവിലെയും വൈകിട്ടുമായി നടത്തിവരുന്ന പരിശീലനത്തില്‍ പ്രധാനമായും ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജമ്പ്, 100, 200, 400, 800 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട്, ഡിസ്ക്കസ്ത്രോ, ജാവലിന്‍ത്രോ തുടങ്ങിയ ഇനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ദേവഗിരി കോളജിലെ പഠനകാലത്ത് 1994-ല്‍ ഓള് ഇന്ത്യാ ഇന്റര്‍ യൂണിവവേഴ്സിറ്റി ലോംഗ് ജമ്പ് മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുള്ള സജിയുടെ ലക്ഷ്യം കായികമേളയില്‍ പിന്നോക്കം നില്ക്കുന്ന പുല്‍പ്പള്ളി മേഖലയിലെ വിദ്യാര്‍ത്ഥികളെ പഠനത്തോടൊപ്പം കായികക്ഷമതയുള്ളവരാക്കി മാറ്റുക എന്നത് കൂടിയാണ്. ജോലി സാധ്യത, ദുശീലങ്ങളില്‍ നിന്നുള്ള പി•ാറ്റം, ജീവിത ശൈലി രോഗങ്ങളെ അതിജീവിക്കല്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൂടി ഈ സൗജന്യപരിശീലനത്തിന് പിന്നിലുണ്ട്. പുല്‍പ്പള്ളി വിജയ സ്കൂളിലെ പഠനത്തിന് ശേഷം പുല്‍പ്പള്ളി പഴശ്ശിരാജാ കോളജിലെ പഠനകാലത്താണ് സജി കായികരംഗത്തേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്. തുടര്‍ന്ന് ദേവഗിരി കോളജിലെ പഠനകാലത്ത് ലോംഗ് ജമ്പില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. 7.35 മീറ്റര്‍ വരെ ഇതിനകം ചാടിയിട്ടുള്ള സജി 1994-ല്‍ ബി എസ് എഫില്‍ ജോലിയില്‍ പ്രവേശിച്ചു. പഞ്ചാബിലെ ജലന്തറിലായിരുന്നു തുടക്കം. 2010-ല്‍ കാശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സമയത്ത് ജോലിയില്‍ നിന്നും വിരമിച്ച സജി പുല്‍പ്പള്ളിയിലെത്തി. തുടര്‍ന്നാണ് പുല്‍പ്പള്ളി സ്പോര്‍ട്സ് അക്കാദമിയുടെ ഭാഗമായത്. ഇപ്പോള്‍ സ്പോര്‍ട്സ് അക്കാദമിയുടെ പ്രധാന പരിശീലകനാണ് സജി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നുവെന്ന കാരണത്താല്‍ കായികരംഗത്ത് മികച്ച് നിന്നിട്ടും, പരിശീലനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്ക് സജിയെ സമീപിക്കാം. സൗജന്യ കായികപരിശീലനം അദ്ദേഹം അവര്‍ക്കെല്ലാം വാഗ്ദാനം ചെയ്യുന്നു. സോണിയാണ് സജിയുടെ ഭാര്യ. ലിയനാഡോ, മോറീന്റസ് എന്നിവരാണ് മക്കള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍