വയനാടിന് പ്രത്യേക പരിഗണന ആവശ്യം:എം.ഐ.ഷാനവാസ് എം.പി.

കല്‍പ്പറ്റ:പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വയനാടിന്റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ടതുണ്ടെന്ന് എം.ഐ.ഷാനവാസ് എം.പി.പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി തയ്യാറാക്കിയ ജില്ലാ പദ്ധതി രേഖയുടെ കരട് ചര്‍ച്ചകള്‍ക്കായി വിളിച്ചുചേര്‍ത്ത വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. കാര്‍ഷിക രംഗത്തിന്റെ പുനരുദ്ധാരണം, കാലാവസ്ഥാമാറ്റങ്ങളുടെ ആഘാതം കുറയ്ക്കല്‍, എസ്റ്റേറ്റ് മേഖലയുടെ പുനരുദ്ധാരണം, വന്യമൃഗങ്ങളുടെ അക്രമം മൂലം മനുഷ്യനും കൃഷിയും നേരിടുന്ന വെല്ലുവിളികളെ മറികടക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രാധാന്യത്തോടെ പദ്ധതി രേഖയില്‍ പരിഗണിക്കണമെന്ന് എം.ഐ. ഷാനവാസ് പറഞ്ഞു. കര്‍ഷക മേഖലയുടെ നിലനില്‍പ്പ് മുന്നില്‍ കണ്ട് ഭീഷണി ഒഴിവാക്കി കര്‍ഷകരെ സഹായിക്കുന്ന നിലപാടിലേക്ക് നമ്മുടെ ബാങ്കുകള്‍ മാറേണ്ടത് അത്യാവശ്യമാണ്. തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈനിനായി കേരള സര്‍ക്കാര്‍ സഹായകമായ നിലപാട് സ്വീകരിക്കുന്നുണ്ട്. അതിന്റെ ഒരു ഭാഗം ബത്തേരിയിലേക്ക് കൂടി എത്തിക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ ജില്ലയ്ക്കുണ്ടാകും. വയനാട് മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ഥ്യമാക്കേണ്ടതുണ്ടെന്നും എം.പി.ചൂണ്ടിക്കാട്ടി. രാത്രികാല ഗതാഗത നിരോധനത്തിനെതിരെ സര്‍ക്കാരും എല്ലാ ജനപ്രതിനിധികളും സക്രീയമായി ഇടപെടുന്നുണ്ട്. വിനോദസഞ്ചാരമേഖല ജില്ലയ്ക്ക് ഏറ്റവും വരുമാന സാധ്യത നല്‍കുന്നതാണെന്നും എം.പി.ചൂണ്ടിക്കാട്ടി. വലിയ കോണ്‍ക്രീറ്റ് സൗധങ്ങളിലേക്ക് വയനാടിന്റെ വികസനത്തെ കൊണ്ടുപോകുന്നത് തടയിടേണ്ടതാണെന്നും അദ്ദേഹം സെമിനാറില്‍ ചൂണ്ടിക്കാട്ടി. വയനാടിന്റെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള വികസനമാണ് നടപ്പാക്കേണ്ടതെന്ന് ഒ.ആര്‍.കേളു എം.എല്‍.എ പറഞ്ഞു. ആദിവാസി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുകയും ടൂറിസത്തിന് പ്രാധാന്യം നല്‍കുകയും വേണം. വയനാടിനെ ജൈവകൃഷി ജില്ലയായി പ്രഖ്യാപിക്കാനുള്ള സാധ്യത കൂടി പരിഗണിക്കണമെന്ന് ഒ.ആര്‍.കേളു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നീര്‍ത്തടാധിഷ്ടിത പദ്ധതികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. 28 വിഷയ സമിതി ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്താണ് ജില്ലാ പദ്ധതി രേഖയുടെ കരട് തയ്യാറാക്കിയത്. വിവിധ വിഷയങ്ങളായി 12 ഗ്രൂപ്പുകളായി തിരിച്ച് ചര്‍ച്ച ചെയ്ത് ഭേദഗതികളോടെ പദ്ധതി രേഖയ്ക്ക് അന്തിമരൂപം നല്‍കി. വരുന്ന അഞ്ചു വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ജില്ലാ പദ്ധതിരേഖയുമായി യോജിച്ചുപോകുന്നതാവണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായി ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ടി.ഉഷാകുമാരി പറഞ്ഞു.
സെമിനാറില്‍ ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.കെ.ശിവരാമന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി.പ്രേമരാജ്,ജില്ലാ ടൗണ്‍ പ്ലാനര്‍ സത്യബാബു,പ്രൊഫ. കെബാലഗോപാലന്‍,ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍