ആദിവാസി യുവതിയുടെ മരണം: ചികിത്സ വൈകിയതുമൂലമെന്ന് പരാതി; പ്രതിഷേധവുമായി ബന്ധുക്കളും, ജനപ്രതിനിധികളും രംഗത്ത്

അരിവാള്‍ രോഗബാധിതയായ പുല്‍പ്പള്ളി പാളക്കൊല്ലി കാരക്കണ്ടി കാട്ടുനായ്ക്ക കോളനിയിലെ മഞ്ജു (22) വാണ് ഞായറാഴ്ച ജില്ലാശുപത്രിയില്‍വെച്ച് മരണമടഞ്ഞത്. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ അന്ന് പുലര്‍ച്ചെ തന്നെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നൂവെങ്കിലും രാവിലെ 9 മണിവരെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്ന് മഞ്ജുവിന്റെ അമ്മ അമ്മിണിയും, വാര്‍ഡ് മെമ്പര്‍ തോമസ് പാഴൂക്കാലയും കുറ്റപ്പെടുത്തി. പിന്നീട് ഏറെ വൈകിയെത്തിയ ഡോക്ടര്‍ മഞ്ജുവിനെ പരിശോധിച്ചശേഷം ജില്ലാശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും അവിടെയെത്തിയ ഉടന്‍ മഞ്ജു മരിച്ചതായും ബന്ധുക്കള്‍ പറയുന്നു.
പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ കാണാന്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡോക്ടര്‍ വന്നതെന്നും പരിശോധിച്ചയുടന്‍ ജില്ലാശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍ ജില്ലാശുപത്രിയിലെത്തിയ ഉടന്‍ മഞ്ജു മരിക്കുകയായിരുന്നു. കുറച്ചെങ്കിലും മുന്നേ തങ്ങളോട് മഞ്ജുവിനെ റഫര്‍ ചെയ്യേണ്ടകാര്യം അറിയിച്ചിരുന്നൂവെങ്കില്‍ എവിടെ വേണമെങ്കിലുമെത്തിച്ച് ചികിത്സിക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നൂവെന്നും, ഡോക്ടറുടെ അനാസ്ഥയാണ് തന്റെ മകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും മഞ്ജുവിന്റെ അമ്മ അമ്മിണി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായും വാര്‍ഡ് മെമ്പര്‍ തോമസ് പാഴുക്കാല അറിയിച്ചു. ആദിവാസി കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍