ബൈക്കുകളിലെ ആള്‍ട്ടറേഷന്‍: കര്‍ശന നടപടികളുമായി മോട്ടോര്‍വാഹനവകുപ്പ്;രൂപമാറ്റം വരുത്തിയ സൈലന്‍സറുകള്‍, ലൈറ്റുകള്‍, ഹോണുകള്‍ മുതലായവക്കെതിരെ ഊര്‍ജ്ജിത പരിശോധന നടത്തും

സൈലന്‍സര്‍ മാറ്റിസ്ഥാപിച്ച് കാതടിപ്പിക്കുന്ന ശബ്ദത്തോടെ കറങ്ങുന്നവര്‍ക്കും, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ്, ഹോണ്‍ മുതലായ എക്സ്ട്രാ ഫിറ്റിംഗ്സുമായി കറങ്ങുന്നവരും ഇനി കുടുങ്ങാന്‍ സാധ്യത. ഇരു ചക്രവാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനെതിരെ കര്‍ശന നടപടികളുമായി മാനന്തവാടി സബ്ബ് ആര്‍ടിഓ ഉദ്യോഗസ്ഥര്‍ രംഗത്ത്. പിടിക്കപ്പെട്ടാല്‍ 3 ദിവസത്തിനുള്ളില്‍ വാഹനം പഴയരീതിയിലേക്ക് മാറ്റി അതത് ഓഫീസില്‍ പരിശോധനക്ക് വിധേയമാക്കേണ്ടിവരുന്നതിന് പുറമേ പിഴയും, വാഹന രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കും ഇത്തരക്കാര്‍ വിധേയരാകേണ്ടിവരും.
ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള ഇത്തരം വാഹനങ്ങളിലെ അമിത ശബ്ദം പൊതുജനങ്ങളെ പലവിധത്തില്‍ ബാധിക്കുന്നതായി ആക്ഷേപം ശക്തമായതോടെയാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികളുമായി രംഗത്ത് വന്നത്. അമിത ശബ്ദം കുട്ടികളില്‍ ശ്രവണവൈകല്യവും പ്രായമുള്ളവരില്‍ ബ്ലഡ് പ്രഷര്‍ കൂടാനും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വൈകല്യങ്ങള്‍ക്ക് കാരണമാവുമെന്നും പറയുന്നു. പിടികൂടിയാല്‍ തൊട്ടടുത്ത വര്‍ക്ക്ഷോപ്പുകളില്‍ എത്തിച്ച് കമ്പനി അനുവദിച്ചിട്ടുള്ള സൈലന്‍സറുകള്‍ ഘടിപ്പിച്ചു മൂന്ന് ദിവസത്തിനുള്ളില്‍ ഓഫീസില്‍ ഹാജരാക്കാന്‍ വാഹനവകുപ്പ് നിര്‍ദ്ദേശം നല്‍കും. കൂടാതെ പിഴയും, വാഹന രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് മാനന്തവാടി സബ്ബ് ആര്‍ടിഓഫീസിലെ ജോയന്റ് ആര്‍ടിഓ സജു ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
അമിത ശബ്ദത്തോടൊപ്പം തന്നെ കണ്ണില്‍ തുളച്ചുകയറുന്ന എല്‍ഈഡി ലൈറ്റുകളുടെ അധിക ഫിറ്റിംഗ്സും പൊതുജനത്തിന് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പിന് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മാനന്തവാടിയില്‍ പത്തോളം പേര്‍ക്കെതിരെ നടപടിയെടുത്തതായും ജില്ലയില്‍ മുഴുവനായും അമ്പതോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍