കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: പാരമ്പര്യ കൃഷി രീതികളെ സംരക്ഷിച്ചും നൂതന കൃഷികളെ പ്രോത്സാഹിപ്പിച്ചും പരിസ്ഥിതി സംരക്ഷണത്തിനും ടൂറിസം വികസനത്തിനും പ്രാധാന്യം നല്‍കി ജൈവവൈവിധ്യ പാര്‍ക്ക്, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്, ഭവനരഹിതരില്ലാത്ത തരിയോട് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക ബഡ്ജറ്റ് യോഗത്തില്‍ 25.05 കോടി രൂപ വരവും 23.04 കോടി രൂപ ചിലവും 2.02 കോടി രൂപ നീക്കി ബാക്കിയുള്ള 2026-27 വാര്‍ഷിക ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അവതരിപ്പിച്ചു.
മുഴുവന്‍ ലൈഫ് ഗുണഭോക്താക്കള്‍ക്കും വീട് നല്‍കി ഭവനരഹിതരില്ലാത്ത ഗ്രാമം പദ്ധതി, പാലുല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കുന്ന ക്ഷീര ഗ്രാമം പദ്ധതി, വനിതകളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതിനും മനസംഘര്‍ഷം കുറക്കുന്നതിനുമായി ഹാപ്പിനസ് പാര്‍ക്ക്, അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പ് വരുത്തി മിനി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, വിദ്യാര്‍ത്ഥികളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ടാലന്റ് ഹണ്ട് പരിപാടി, ഫുട്‌ബോള്‍ അക്കാദമി, ഹാന്‍ഡ് ബോള്‍ പരിശീലനം, യുവാക്കള്‍ക്ക് കായിക വികസനം ലക്ഷ്യം വെച്ചു അത്യാധുനിക നിലവാരത്തില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം, സ്‌പോര്‍ട്‌സ് കിറ്റ്, വീട്ടമ്മമാര്‍ക്ക് പിഎസ്‌സി കോച്ചിങ്, വനിതകളുടെ ഫിറ്റ്‌നസ് സെന്റര്‍ വിപുലീകരണം, വയോജന ക്ലബ്, ജനകീയ പങ്കാളിത്ത പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, ഉന്നതികളില്‍ ആരോഗ്യ സേവനങ്ങള്‍, ആധുനിക രീതിയില്‍ ഓഫീസ് നവീകരണവും പേപ്പര്‍ ലെസ് ഓഫീസും, ദുരന്ത നിവാരണത്തിന് ആധുനിക ഉപകരണങ്ങളും പരിശീലനം ലഭിച്ച വളണ്ടിയര്‍ സേവനവും മുഴുവന്‍ വീടുകളിലും ശുദ്ധജല വിതരണവും, കാവുംമന്ദം ടൗണ്‍ നവീകരണം ഉള്‍പ്പെടെ പൊതു ഇടങ്ങളുടെ നവീകരണവും സൗന്ദര്യവല്‍ക്കരണവും വൈഫൈ സൗകര്യങ്ങളോടെ ഹൈടെക് അംഗന്‍വാടികള്‍, ഗോത്ര മേഖലകളില്‍ സമഗ്ര വികസന പദ്ധതികള്‍, വിദേശ തൊഴില്‍ ധനസഹായം, ശുചിത്വ പദ്ധതികള്‍, കുറ്റകൃത്യങ്ങള്‍ തടയുന്നതിനും മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനുമായി ടൗണുകളില്‍ സിസിടിവി സ്ഥാപിക്കല്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നിരവധി വികസന പദ്ധതികള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഈ ജനകീയ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്‌സാന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സി കെ റസാക്ക് നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
