കാപ്പി കൃഷിയെ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയില്‍ ഉള്‍പ്പെടുത്തണം: പ്രിയങ്ക ഗാന്ധി എം.പി.
കല്‍പ്പറ്റ: കാപ്പി കൃഷിയെ കാര്‍ഷികവിളകളുടെ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമ പദ്ധതിയില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയലിന് പ്രിയങ്ക ഗാന്ധി എം.പി. കത്ത് നല്‍കി. വയനാട്ടില്‍ കാപ്പി കര്‍ഷകരുമായി പ്രിയങ്ക ഗാന്ധി എം.പി. നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. പ്രതികൂല കാലാവസ്ഥയില്‍ വിളനാശം സംഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ഇതിലൂടെ ഉറപ്പാക്കാന്‍ കഴിയും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കോഫി ബോര്‍ഡ് മന്ത്രാലയത്തിന് നല്‍കിയിട്ടുള്ളതായും അവര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു. ചെങ്കുത്തായി കിടക്കുന്ന ഭൂപ്രദേശത്ത് ഡ്രിപ് ഇറിഗേഷനായി നല്‍കുന്ന സബ്‌സിഡി പര്യാപ്തമല്ലാത്ത സാഹചര്യമുണ്ട്. കാപ്പി ചെടികള്‍ റീപ്ലാന്റ് ചെയ്യുന്നതിനായി നല്‍കുന്ന സബ്‌സിഡി നിലവില്‍ ചെടികള്‍ മുഴുവനായി പിഴുത് മാറ്റുന്നതിന് മാത്രമാണ് ലഭിക്കുന്നതെന്നും ഗ്രാഫ്റ്റിങ് ഉള്‍പ്പടെയുള്ള പുതിയ രീതികള്‍ക്കും ഈ സബ്‌സിഡി നല്‍കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഒട്ടേറെ ആദിവാസി വിഭാഗത്തില്‍ പെട്ട കര്‍ഷകര്‍ ഉള്ള വയനാട്ടില്‍ നല്‍കുന്ന സബ്‌സിഡിയുടെ ഉയര്‍ന്ന പരിധി ജലസേചനത്തിനുള്‍പ്പടെയുള്ള പുതിയ കൃഷി രീതികളില്‍ നിക്ഷേപം നടത്തുന്നതില്‍ വലിയ തടസ്സമുണ്ടാക്കുന്നുണ്ട്. ഈ ഉയര്‍ന്ന പരിധി കര്‍ഷകര്‍ക്ക് പ്രായോഗികമായി ഗുണം ചെയ്യുന്ന നിലയില്‍ പുനര്‍നിശ്ചയിക്കണമെന്നും അവര്‍ മന്ത്രിയോട് ആവശ്യമുന്നയിച്ചു. ഉന്നത ഗുണനിലവാരമുള്ള കാപ്പി ഉദ്പാദിപ്പിക്കുന്നതിനു അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുള്ള വയനാട്ടിലെ കര്‍ഷകര്‍ക്ക് ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പരിഷ്‌കരിക്കാന്‍ മന്ത്രി മുന്‍കൈ എടുക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ അഭ്യര്‍ത്ഥിച്ചു.
ടമഷമ്യമി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
