മനുഷ്യാവകാശ കമ്മീഷനില്‍ റിപ്പോര്‍ട്ട് : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ലഭിച്ച സംഭാവന ദുരിതബാധിതര്‍ക്ക് നേരിട്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വിവിധ വ്യക്തികളും സംഘടനകളും നല്‍കിയ സംഭാവന ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പണം നേരിട്ട് ദുരിധബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയില്ലെന്നും വയനാട് ജില്ലാ കളക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.ദുരിതബാധിതര്‍ക്കായി സമാഹരിച്ച തുക അവകാശികള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഗുണഭേക്തൃലിസ്റ്റ് തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്നും പുനരധിവാസത്തിനായി വ്യക്തികളും സംഘടനകളും നല്‍കിയിട്ടുള്ള ഓഫറുകള്‍ ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
തുക ദുരിതബാധിതര്‍ക്ക് വിതരണം ചെയ്താല്‍ അത് തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിന് തുല്യമാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതബാധിതരെ പുനരധിവസിപ്പിക്കുമ്പോള്‍ മാത്രമേ സര്‍ക്കാരിന്റെ കടമ പൂര്‍ത്തിയാവുകയുള്ളു. ഓഫറുകള്‍ നല്‍കിയവരുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടക്കൈ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇലക്ഷന്‍ ബാധിച്ചിട്ടില്ല. വാടകവീട്ടില്‍ കഴിയുന്ന ദുരിതബാധിതരുടെ വാടക സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ടൌണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വരികയാണ് ദുരിതബാധിതരെ ഒരു കുടക്കീഴില്‍ താമസിപ്പിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടില്‍ തൃപ്തി രേഖപ്പെടുത്തിയ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി. ബത്തേരി സ്വദേശി അബ്ദുള്ളക്കുട്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
