വയനാട് മെഡിക്കല്‍ കോളേജ് : പോരായ്മകള്‍ പരിഹരിക്കാന്‍ നിതാന്ത പരിശ്രമം തുടരും: മന്ത്രി ഒ.ആര്‍ കേളു ;ഏതെങ്കിലും പ്രത്യേകം ലക്ഷ്യം വെച്ച് സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടെങ്കില്‍ അനുവദിക്കില്ലെന്നും
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ നിതാന്ത പരിശ്രമം തുടരുമെന്നും, ഏതെങ്കിലും പ്രത്യേകം ലക്ഷ്യം വെച്ച് സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടെങ്കില്‍ അനുവദിക്കില്ല എന്നും മന്ത്രി ഒ.ആര്‍ കേളു വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വയനാട് ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഭാഗമായാണ് മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തിയത്.
ഇതൊരു പ്രഖ്യാപനം മാത്രമായിരുന്നില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് പിന്നിട് ഇങ്ങോട്ടുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഈ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളില്‍ നിന്ന് വയനാട്ടിലെ പൊതു സമൂഹം മനസിലാക്കുന്നത്.140 തസ്തികള്‍ മെഡിക്കല്‍ കോളേജിനായി അനുവദിച്ചു എന്നതായിരുന്നു സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച നടപടി. 125 അധ്യാപക തസ്തികകളും, 15 അനധ്യാപക തസ്തികകളും ആണ് ഇങ്ങനെ അനുവദിച്ചത്.രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ച് നഴ്‌സിംഗ് കോളേജുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നഴ്‌സിംഗ് കോളേജ് ആരംഭിക്കാന്‍ ഉള്ള പ്രഖ്യാപനം വന്നതോടെ മാനന്തവാടിക്ക് ഒരു നഴ്‌സിംഗ് കോളേജ് കൂടി ലഭിച്ചു എന്നതും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു ചരിത്ര നേട്ടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് കാര്‍ഡിയോളജി വിഭാഗം ഇല്ലാത്ത മെഡിക്കല്‍ കോളേജ് എന്ന പരിമിതി മറികടക്കുന്നതിനായി കാര്‍ഡിയോളജി വിഭാഗം ആരംഭിക്കുകയും അവശ്യം വേണ്ട തസ്തികകള്‍ അനുവദിക്കുകയും, കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ കാത്ത് ലാബും മാനന്തവാടി മെഡിക്കല്‍ കോളേജിലാണ് എന്നത് അഭിമാനര്‍ഹമായ ഒന്നാണ്. 2025 ല്‍ മാത്രം കാര്‍ഡിയോളജി വിഭാഗത്തില്‍ 267 ആഞ്ചിയോപ്ലാസ്റ്റിയും , 471 ആഞ്ചിയോഗ്രാമും നടന്ന് എന്നത് വയനാട് ജില്ലയിലെ ഹൃദയാരോഗ്യ മേഖലയിലെ ചരിത്ര നേട്ടമാണ് .
പിന്നീട് എം ബി ബി എസ് പഠന സൗകര്യം വയനാട് ജില്ലക്ക് ലഭ്യമാക്കുന്നതിനായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിക്കുന്നതിനായി അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വലിയ പരിശ്രമം സര്‍ക്കാരും ആരോഗ്യ വകുപ്പും നടത്തി എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. 10 കോടിയോളം രൂപ ഈ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍ അതിവേഗം അനുവദിച്ചു. കൃത്യമായ മേല്‍നോട്ടത്തിന്റെയും, ബൃഹത്തായ ജനകീയ കൂട്ടായ്മയുടെയും സഹായത്തോടെ എല്ലാ വൈതരണികളും അതിജീവിച്ച് എം. ബി. ബി. എസ് പ്രവേശനത്തിന് അനുമതി നേടാന്‍ സാധിച്ചു. ഇത് വയനാട് ജില്ലയുടെ വികസന ഭൂപടത്തില്‍ തങ്ക ലിപികളില്‍ രേഖപ്പെടുത്തിയ നേട്ടമാണ്. 2025 സെപ്റ്റംബര്‍ 19 ന് എം ബി ബി എസ് പഠനത്തിനായി ആദ്യ വിദ്യാര്‍ത്ഥി പ്രേവേശനം നേടി എന്നത് വയനാട് ജില്ലയുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മറക്കാന്‍ ആകാത്ത ഒരു നാഴികക്കല്ലാണ്.
നിലവില്‍ 50 കുട്ടികള്‍ നമ്മുടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു എന്നത് സര്‍ക്കാരിന്റെ ആരോഗ്യ മേഖലയിലെ വയനാട് ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ആകെ തുകയാണ്.
ഈ നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് വയനാട് മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികള്‍ കൂടി അനുവദിച്ചു കൊണ്ട് 15 10 2025 ന് മന്ത്രി സഭാ യോഗം തീരുമാന പ്രകാരമുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത്.
ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോ , കാര്‍ഡിയോ തൊറാസിക് സര്‍ജറി, നെഫ്രോളജി എന്നീ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വകുപ്പുകള്‍ ആണ് ഇത്തരുണത്തില്‍ തീരുമാനിക്കപ്പെട്ടത്. ഇതിലേക്കായി 15 തസ്തികകളും അനുവദിച്ചു. ഇതില്‍ അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റ പ്രൊഫസര്‍ , സീനിയര്‍ റസിഡന്റ് എന്നീ തസ്തികകള്‍ ആണ് ഉള്ളത്. നിലവില്‍ ഏറ്റവും കൂടുതല്‍ റെഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ മേല്‍ വിഭാഗത്തില്‍ നിന്ന് ആയതുകൊണ്ട് ആ പ്രശ്‌നവും പരിഹരിക്കപ്പെടാന്‍ സാധിക്കും എന്നതാണ് സര്‍ക്കാര്‍ കാണുന്നത്.
അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എം എല്‍ എ ഫണ്ടില്‍ നിന്ന് മാത്രം പത്ത് കോടി രൂപയും ഈ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചെലവഴിക്കുകയുണ്ടായി.
പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ പഴശ്ശി കുടീരം വരെയും , ആശുപത്രി ഇന്റെണല്‍ റോഡുകളും ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു. പ്രവര്‍ത്തി ആരംഭിച്ചിട്ടുണ്ട്.
സി.ടി. സ്‌കാന്‍ മെഷീന്‍ അനുബന്ധ ഉപകരണങ്ങള്‍ സംബന്ധിച്ച വിശദീകരണം
വയനാട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഉണ്ടായിരുന്ന സി ടി സ്‌കാന്‍ സംവിധാനം പരിഹരിക്കാന്‍ കഴിയാത്ത വിധത്തില്‍ തകരാറില്‍ ആവുകയും പുതിയ സി ടി സ്‌കാന്‍ സംവിധാനം സ്ഥാപിക്കുന്നതിന് നിയോജക മണ്ഡലം എം എല്‍ എ എന്ന നിലയില്‍ സര്‍ക്കാരില്‍ നല്‍കിയ ശുപാര്‍ശ പ്രകാരം 20252026 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 1.5 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ആധുനിക രീതിയിലുള്ള സി ടി സ്‌കാന്‍ സംവിധാനം സ്ഥാപിക്കുന്നതിന് നാല് കോടി രൂപയെങ്കിലും ആവശ്യമാണ് എന്ന കണ്ടതിനാല്‍ നവകേരള സദസിന്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിന് ലഭിച്ച 7 കോടി രൂപയില്‍ നിന്നും 4 കോടി രൂപ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള സി ടി സ്‌കാന്‍ സംവിധാനം സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും 28072025 ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 3/2025/ജകഋ&ങഉ എന്ന ഉത്തരവിനാല്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ സി ടി സ്‌കാന്‍ സംവിധാനവും മാറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് മാനന്തവാടി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ നിര്‍വഹണ ഉദ്യോഗസ്ഥനാക്കി ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. പ്രസ്തുത ഉപകരണങ്ങളുടെ എല്ലാം പര്‍ച്ചേസ് ഓര്‍ഡര്‍ ഡിസംബര്‍ മാസത്തില്‍ തന്നെ നല്‍കിയിട്ടുണ്ട് . (സര്‍ക്കാര്‍ ഉത്തരവുകള്‍ , പര്‍ച്ചേസ് ഓഡര്‍ എന്നിവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കും)
ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഒരു ജില്ല എന്ന വായ്‌മൊഴിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമീപകാലത്ത് ഏറ്റവും വലിയ കുതിച്ചു ചാട്ടം നടത്തിയ ജില്ല എന്ന പ്രശസ്തമായ നാമധേയത്തിലേക്ക് വയനാടന്‍ ജനത നടന്നു കയറിയത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഈ നാടിനോടുള്ള കരുതലിന്റെ ഭാഗമായാണ്. ഇത്ര മേല്‍ വയനാടിനെ പരിഗണിച്ച സര്‍ക്കാരിനോട് സാധാരണക്കാരായ മനുഷ്യര്‍ കലവറയില്ലാത്ത പിന്തുണ ആണ് നല്‍കുന്നത്.
സി. ടി. സ്‌കാന്‍ സംവിധാനത്തിന് അനുവദിച്ച തുക വക മാറ്റി എന്ന ആരോപണം സംബന്ധിച്ച്
സി.ടി. സ്‌കാന്‍ സംവിധാനവും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് നവകേരള സദസില്‍ നിന്നും ലഭിച്ച തുക ഉപയോഗിക്കാന്‍ സാധിച്ചതിനാല്‍, മുന്‍പ് ബജറ്റില്‍ ഈ കാര്യത്തിലേക്കായി അനുവദിച്ച 1.5 കോടി രൂപയും, ബജറ്റില്‍ തൊണ്ടര്‍നാട് ഫയര്‍ & റസ്‌ക്യു സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുവദിച്ച 1 കോടി രൂപ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ലഭ്യമായതിനാല്‍ ആ തുകയും ചേര്‍ത്ത്
കഴിഞ്ഞ മഴക്കാലത്ത് പാലം തകര്‍ന്ന് 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട് പോയ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ കാട്ടേരിക്കുന്ന് പാലം നിര്‍മിക്കുന്നതിന് നീക്കി വെക്കാന്‍ സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കുകയും, കാട്ടേരിക്കുന്ന് പാലത്തിന് രണ്ടര കോടി രൂപ പ്രദേശവാസികളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് സര്‍ക്കാര്‍ അനുവദിക്കുകയുമായിരുന്നു.
ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ പൊതു സമൂഹത്തിന് മുന്നില്‍ അസത്യ പ്രസ്താവനകള്‍ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ആര് നടത്തിയാലും അതൊന്നും നാടിന് ഗുണകരമായ ഒന്നല്ല എന്ന് ഓര്‍മിപ്പിക്കുന്നു.
നിലവില്‍ ഈ പാലം നിര്‍മാണത്തിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. പാലം പണി എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള ഇടപെടല്‍ ഉണ്ടാകും.
മെഡിക്കല്‍ കോളേജിന്റെ പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നത് സംബന്ധിച്ച്
വയനാട് മെഡിക്കല്‍ കോളേജിന്റെ ക്യാമ്പസ് സ്ഥാപിക്കുന്നതിന് മാനന്തവാടി താലൂക്കിലെ പേര്യ വില്ലേജിലെ ബോയ്‌സ് ടൗണിലുള്ള ഗ്ലെന്‍ലെവല്‍ എസ്‌റ്റേറ്റായിരുന്നു ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത സ്ഥലം നിയമപരമായ കുരുക്കുകളില്‍ കുടുങ്ങിയതിനാല്‍ ആ സ്ഥലത്ത് പദ്ധതി മുന്നോട് കൊണ്ടുപോവാന്‍ കഴിയാത്ത സ്ഥിതിയുണ്ട് .
എന്നാല്‍ വയനാട് മെഡിക്കല്‍ കോളേജിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആധുനിക രീതിയിലുള്ള ഒരു ക്യാപ്‌സ് എന്നത് അനന്തമായി നീട്ടികൊണ്ടുപോവാന്‍ കഴിയുന്ന ഒന്നല്ല എന്നതാണ് സര്‍ക്കാര്‍ കാണുന്നത്. ഇതിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലെ , മാനന്തവാടി വില്ലേജിലെ അമ്പുകുത്തി എന്ന സ്ഥലത്തെ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രസ്തുത ആവശ്യത്തിലേക്ക് വിട്ട് കിട്ടുന്നതിനായി ഊര്‍ജ്ജിതമായ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ചു മാസങ്ങളായി മാനന്തവാടിയിലെ ജനപ്രതിനിധി എന്ന നിലയില്‍ നടത്തി വരികയാണ്. വനം , റവന്യൂ , ആരോഗ്യം , എന്നീ വകുപ്പുകളുടെ പൂര്‍ണ്ണമായ സഹകരണം ഈ വിഷയത്തില്‍ ലഭ്യമാവുന്നുണ്ട്. ഏറ്റവും അവസാനമായി ഡിസംബര്‍ 30 ന് ബഹു : കേരളം സംസ്ഥാന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ വിവിധ വകുപ്പുകളുടെ മന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ സംയുക്ത യോഗം ഈ വിഷയത്തില്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ് . വയനാട് മെഡിക്കല്‍ കോളേജിന് ക്യാമ്പസ് എന്ന സ്വപ്നം അതിവേഗം പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യും.
യുവതിക്ക് പ്രസവാനന്തരം ദിവസങ്ങള്‍ക്ക് ശേഷം വയറ്റില്‍ നിന്നും തുണി കണ്ടെത്തിയ സംഭവം സംബന്ധിച്ച്
ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ യുവതി എന്റെ ഓഫീസില്‍ പരാതിയുമായി 5.06.2026 ന് എത്തിയിരുന്നു. പരാതി അവ്യക്തവും , ഒരു ഫോട്ടോ സ്റ്റാറ്റ് കോപ്പിയും ആയത് കൊണ്ട് , അവര്‍ ഉന്നയിച്ച വിഷയം വളരെ ഗൗരവമായി തോന്നിയതിനാല്‍ തന്നെ എന്റെ സ്റ്റാഫ് തന്നെ ഓഫീസിലെ കമ്പ്യൂട്ടറില്‍ പരാതി ടൈപ്പ് ചെയ്ത് നല്‍കുകയും , വായിച്ച് കേള്‍പ്പിച്ച് ഒപ്പിട്ടു വാങ്ങുകയും ആണ് ചെയ്തത്.
ഈ സംഭവത്തില്‍ ഉടന്‍ തന്നെ പരാതി ഡി.എം. ഒ ക്ക് അന്വേഷണത്തിനായി കൈമാറിയിട്ടുള്ളതും , അവര്‍ അന്വേഷണം നടത്തിയിട്ടുള്ളതുമാണ്. പ്രസ്തുത അന്വേഷണ റിപ്പോള്‍ട്ട് ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിച്ച് , പിഴവുകള്‍ സംഭവിച്ചിട്ടുണ്ട് എങ്കില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ഞാനും ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡോക്ടര്‍മാര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ പിഴവുകള്‍ സംഭവിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ് എങ്കില്‍ സര്‍ക്കാര്‍ അവരോടൊപ്പം നില്‍ക്കില്ല. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുക തന്നെ ചെയ്യും.
പക്ഷേ ഇതിന്റെ പേരില്‍ വയനാട് മെഡിക്കല്‍ കോളേജ് ആകെ മോശമാണ് എന്ന നിലയില്‍ ഉള്ള പ്രചരണം നടത്തി ഈ മഹത്തായ പൊതു ജനാരോഗ്യസ്ഥാപനത്തെ തകര്‍ക്കാമെന്ന വ്യാമോഹം ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കില്ല.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഈ സ്ഥാപനം കൈവരിച്ച മുന്നേറ്റത്തെ ആകെ ഇല്ലായ്മ ചെയ്യാനും , പ്രത്യേകിച്ച് മാനന്തവാടിയില്‍ നിന്നും മെഡിക്കല്‍ കോളേജിനെ അസ്ഥിരപ്പെടുത്താനും ചില ഗൂഢ ലക്ഷ്യങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതൊന്നും ഇവിടെ നടക്കുന്ന ഒരു കാര്യമല്ല എന്ന് ഓര്‍മിപ്പിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷം മാത്രം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി എത്തിയ നമ്മുടെ നാട്ടിലെ സാധാരണക്കാരായ ആളുകളുടെ വിവരം ഇതോടൊപ്പം നിങ്ങള്‍ക്ക് നല്‍കുകയാണ്.....
പ്രസവ വാര്‍ഡ് അടച്ചു പൂട്ടിയ ഒരു കാലത്ത് നിന്ന്, ആംബുലന്‍സില്‍ ഗര്‍ഭിണി പ്രസവിച്ചു കുട്ടികള്‍ മരണപ്പെട്ട ദുരന്തകാലത്ത് നിന്നും ഈ ആരോഗ്യ സ്ഥാപനം നടത്തിയ മുന്നേറ്റം ഈ കണക്കുകള്‍ തന്നെ വ്യക്തമാക്കും.
2025 ജനുവരി 01 മുതല്‍ ഡിസംബര്‍ 31 വരെ മാനന്തവാടി സര്‍ക്കാര്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ രോഗികളുടെ വിവരങ്ങള്‍.*
വിഭാഗം ആകെ സന്ദര്‍ശകര്‍
ഒ പി (ഔട്ട് പേഷ്യന്റ്)6,05,709
ഐ പി ( ഇന്‍ പേഷ്യന്റ്) 18,493
ഡയാലിസിസ് 3,603
ആഞ്ചിയോപ്ലാസ്റ്റി 267
ആഞ്ചിയോഗ്രാം 471
മേജര്‍ സര്‍ജറി 3,746
മൈനര്‍ സര്‍ജറി 6,074
ഡിപ്പാര്‍ട്ട്‌മെന്റ് തരം തിരിച്ചുള്ള ഒ പി വിവരങ്ങള്‍
1. ജനറല്‍ ഒ പി 94,772
2. ജെറിയാട്രിക് ഒ പി 7,765
3. ഒ ബി ജി 31,384
4. എന്‍ സി ഡി 34,734
5. ദന്തല്‍ 25,529
6. സൈക്കാട്ടറി 9,956
7. ജനറല്‍ മെഡിസിന്‍ 26,973
8. ഓര്‍ത്തോ 45,639
9. സര്‍ജറി 44,074
10. ഇ എന്‍ ടി 32,987
11. ഡെര്‍മറ്റോളജി 31,045
12. ഓഫ്!താല്‍മോളജി 51,505
13. പീഡിയാട്രിക് 43,200
14. പി എം ആര്‍ 8,113
15. പള്‍മനോളജി 9,553
16. കാര്‍ഡിയോളജി 5,578
17. വിമുക്തി 929
18. ഫീവര്‍ 11,600
19. ഹീമോഫീലിയ 1,234
20. ഡിഎസി 3,462
ഡിപ്പാര്‍ട്ട്‌മെന്റ് തരം തിരിച്ചുള്ള ഐ പി വിവരങ്ങള്‍
1. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് 377
2. സിക്കിള്‍ സെല്‍ 171
3. മെഡിസിന്‍ 5,377
4. ഐ സി യു (ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ്) 511
5. പീഡിയാട്രിക്‌സ് 716
6. എസ് എന്‍ സി യു (സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ്) 404
7. പി ഐ സി യു (പീഡിയാട്രിക് ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ്) 426
8. സര്‍ജറി 5,430
9. കാര്‍ഡിയോളജി 55
10. ന്യൂ ബോണ്‍ 1,804
11. ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി 3,034
വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നടന്ന മേജര്‍ മൈനര്‍ സര്‍ജറികല്‍
ജനറല്‍ സര്‍ജറി
മേജര്‍ 957
മൈനര്‍ 958
ഓര്‍ത്തോ
മേജര്‍ 439
മൈനര്‍ 298
ഇ എന്‍ ടി
മേജര്‍ 246
മൈനര്‍ 758
ഗൈനക്കോളജി
മേജര്‍ 871
മൈനര്‍ 7
ഓഫ്താല്‍മോളജി
മേജര്‍ 1207
മൈനര്‍ 47
ദന്തല്‍
മേജര്‍ 5
മൈനര്‍ 766
സ്‌കിന്‍ മൈനര്‍ പ്രൊസീജേഴ്‌സ് 1445
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
