കര്‍ക്കടക വാവുബലിക്ക് തിരുനെല്ലി ഒരുങ്ങി; ;സ്വകാര്യ വാഹനങ്ങള്‍ കാട്ടിക്കുളത്ത് തടയില്ല

മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ജൂലൈ 24 വ്യാഴാഴ്ച കര്‍ക്കടകവാവ് ബലിതര്‍പ്പണം നടത്തും. പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്കു ഒരു മണിവരെ പാപനാശിനിക്കരയിലാണ് പിതൃതര്‍പ്പണം നടത്തുക. ക്ഷേത്രത്തിലെത്തുന്നവരുടെ പ്രയാസം പരിഹരിക്കാന്‍ വിപുലമായ ട്രാഫിക് സംവിധാനങ്ങള്‍ ഇത്തവണ ഒരുക്കിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ മാനന്തവാടിയില്‍ നിന്നു പത്തുകിലോമീറ്റര്‍ മാറി കാട്ടിക്കുളത്ത് തടയുന്നത് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ഇത്തവണ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ല. ഇതിനു പുറമേ മാനന്തവാടിയില്‍ നിന്നു ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. ക്ഷേത്രത്തിലേക്ക് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. കാട്ടിക്കുളം അപ്പപ്പാറ വഴി ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടും. ഇങ്ങനെയെത്തുന്ന വാഹനങ്ങള്‍ നിട്ടറപാലത്തിനു സമീപം നിര്‍ത്തിയിടണം. ബലിതര്‍പ്പണശേഷം ദേവസ്വത്തിന്റെ വാഹനത്തില്‍ പ്രായമായവരേയും നടക്കാന്‍ പ്രയാസമുള്ള മറ്റുള്ളവരേയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് എത്തിക്കും. ബലിതര്‍പ്പണം നടത്തിയ ശേഷം അറവനാഴി പനവല്ലി വഴി വാഹനങ്ങള്‍ കാട്ടിക്കുളത്തേക്ക് തിരിച്ചുപോകണം. കൂടുതല്‍ വഴിപാട് കൗണ്ടറുകളും ബലിസാധന വിതരണ കൗണ്ടറുകളും തുറക്കും. ബലിതര്‍പ്പണത്തിനു കാര്‍മികത്വം വഹിക്കുന്നതിനു കൂടുതല്‍ വാധ്യാന്മാരേയും വിന്യസിക്കും. ഒരേസമയം ഇരുന്നൂറു പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമൊരുക്കും. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് അത്താഴവും പ്രഭാത ഭക്ഷണവും ദേവസ്വം സൗജന്യമായി നല്‍കും. എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.വി. നാരായണന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ. രാമചന്ദ്രന്‍, ക്ഷേത്രം മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍, ക്ഷേത്രം ജീവനക്കാരന്‍ ടി. സന്തോഷ്‌കുമാര്‍, ചുറ്റമ്പല നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസുദേവനുണ്ണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍