ആറരക്കിലോ കഞ്ചാവുമായി വയനാട്ടുകാര്‍ കൊച്ചിയില്‍ പിടിയിലായി; പിടിയിലായത് ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് കഞ്ചാവെത്തിക്കുന്ന മൂന്നംഗസംഘം

കൊച്ചി നഗരത്തിലെ സിനിമ, സീരിയല്‍ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് വിതരണംചെയ്യാന്‍ എത്തിച്ച ആറരകിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയിലായി. ലക്കിടി തളിപ്പുഴ രായന്‍മരയ്ക്കാര്‍ ആര്‍.എ അനസ് (25), കണിയാമ്പറ്റ മമുക്കര്‍ ഇജാസ് അഹമ്മദ് (29), കല്‍പ്പറ്റ മെസ്ഹൗസ് റോഡ് മാട്ടില്‍ നൌഷീര്‍ (27) എന്നിവരെയാണ് കൊച്ചി ഷാഡോ പൊലീസ് പിടിച്ചത്. അനസിനെതിരെ വയനാട്ടില്‍ വേറെയും കേസുണ്ട്. ഒഡിഷയില്‍നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മൂന്നംഗസംഘത്തില്‍ നിന്നും 6.531 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ മുളവുകാട് സ്റ്റേഷനിലെ ക്രൈം നമ്പര്‍ 1657/17 പ്രകാരം എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആന്ധ്ര, ഒഡിഷ അതിര്‍ത്തി ജില്ലയായ റായഗഡയിലെ മട്ടികോണ, ലക്ഷ്മിപുര്‍, കണ്ടേശു തുടങ്ങിയ വനപ്രദേശഗ്രാമങ്ങളില്‍ മാവോയിസ്റ്റ് പിന്തുണയോടെ കൃഷിചെയ്യുന്ന കഞ്ചാവ് ഇടനിലക്കാരില്ലാതെ കൃഷിക്കാരില്‍നിന്ന് നേരിട്ടായിരുന്നു ഇവര്‍ ശേഖരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. റായഗഡയില്‍നിന്ന് ബസ്മാര്‍ഗം കഞ്ചാവ് വിശാഖപട്ടണത്ത് എത്തിച്ചശേഷം പൊലീസ് ചെക്കിങ് ഒഴിവാക്കുന്നതിന് അവിടെനിന്ന് കേരളത്തിലേക്കുള്ള കാര്‍ ട്രെയിലറുകളില്‍ സഞ്ചരിച്ചാണ് ഇവര്‍ നഗരത്തിലേക്ക് കഞ്ചാവെത്തിച്ചിരുന്നത്. അറസ്റ്റിലായവര്‍ മൂന്നുമാസത്തിനിടെ ഏഴുപ്രാവശ്യം ഹാഷിഷും, കഞ്ചാവും അടക്കമുള്ള ലഹരിവസ്തുക്കള്‍ നഗരത്തിലേക്കെത്തിച്ചതായി പൊലീസ് പറഞ്ഞു. കിലോഗ്രാമിന് 4000 രൂപയ്ക്ക് ലഭിക്കുന്ന ശീലാവതി ഇനത്തില്‍പ്പെട്ട കഞ്ചാവ്, ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ കിലോയ്ക്ക് 20,000 രൂപയ്ക്കാണ് ഇവര്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇടനിലക്കാര്‍വഴി വിറ്റഴിച്ചിരുന്നത്.
അനസ് എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനു സമീപം നടത്തുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് കഞ്ചാവെത്തിച്ചിരുന്നത്. ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്ന റയഗഡയിലുള്ള സ്ത്രീയുടെയും, ഇവരുമായി ബന്ധപ്പെട്ട സിനിമ, സീരിയല്‍ ഷൂട്ടിങ്രംഗത്തുള്ളവരുടെയും വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കറുപ്പസ്വാമി അറിയിച്ചു. സിനിമാ ലൊക്കേഷനുകളില്‍ കഞ്ചാവെത്തിക്കുന്നതായി കമീഷണര്‍ എം പി ദിനേശിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വയനാട്ടിലെ കെഎസ്യു സെക്രട്ടറിയും, സംസ്ഥാനകമ്മിറ്റിയംഗവുമായിരുന്ന അനസിനെതിരെ വൈത്തിരി പോലീസ് സ്റ്റേഷനില്‍ എസ്ഐയെ മര്‍ദ്ദിച്ചതുമായി ക്രൈം നമ്പര്‍ 55/11 കേസ് നിലവിലുണ്ട്്. നിലവില്‍ പാര്‍ട്ടിയില്‍ സജീവമല്ലാത്ത അനസ് കൊച്ചി കേന്ദ്രീകരിച്ചാണ് തന്റെ ഇടപാടുകള്‍ നടത്തി വന്നിരുന്നത് ക്രൈം ഡിറ്റാച്ച്മെന്റ് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്ഐ ഹണി കെ ദാസ്, മുളവുകാട് എസ്ഐ ശ്യാംകുമാര്‍, എഎസ്ഐ നിസാര്‍, സിപിഒമാരായ ഹരി മോന്‍, അഫ്സല്‍, വിനോദ്, ജയരാജ്, സാനുമോന്‍, വിശാല്‍, സന്ദീപ്, യൂസഫ്, ഷാജിമോന്‍, രാഹുല്‍, രഞ്ജിത്, സനോജ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍