മന്ത്രി ഒ.ആര്‍.കേളു സഞ്ചരിച്ച ചങ്ങാടം പാറക്കെട്ടില്‍ കുടുങ്ങി
മലപ്പുറം: മലപ്പുറം വഴിക്കടവ് പുന്നപ്പുഴ കടക്കാനുള്ള ശ്രമത്തിനിടെ മന്ത്രി ഒ.ആര്‍.കേളുവും സംഘവും സഞ്ചരിച്ച ചങ്ങാടം പാറക്കെട്ടില്‍ കുടുങ്ങി. വയനാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം മലപ്പുറത്തെത്തിയത്. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി നഗറിലേക്കുള്ള യാത്രയ്ക്കിടെ പുന്നപ്പുഴ കടക്കുന്നതിനിടെയാണ് മന്ത്രി ചങ്ങാടത്തില്‍ കുടുങ്ങിയത്.ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മുളകൊണ്ട് നിര്‍മിച്ച ചങ്ങാടം പുഴയിലൂടെ കുറച്ചുനേരം നീങ്ങിയതിന് ശേഷം കല്ലില്‍ കുടുങ്ങുകയായിരുന്നു. മന്ത്രി സഞ്ചരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നവരടക്കം പത്തുപേരോളം കയറിയതോടെയാണ് ഭാരം താങ്ങാനാകാതെ അടിഭാഗം കുടുങ്ങിയത്. അരമണിക്കൂറോളം പണിപ്പെട്ടാണ് ചങ്ങാടത്തിലുള്ളവരെ കരയ്‌ക്കെത്തിച്ചത്.
2018ലെ പ്രളയത്തിലാണ് പുന്നപ്പുഴക്ക് കുറുകെയുള്ള കമ്പിപ്പാലം തകരുന്നത്. അതിന് ശേഷം ഇരുകരകളിലും താമസിക്കുന്നവര്‍ പുഴകടക്കാനായി മുളകൊണ്ട് നിര്‍മിച്ച ചങ്ങാടമാണ് ഉപയോഗിക്കുന്നത്. മഴ പെയ്ത് പുഴയില്‍ വെള്ളം കൂടിയാല്‍ ചങ്ങാടത്തിലെ യാത്ര മുടങ്ങി ഒറ്റപ്പെട്ട് കഴിയേണ്ട സ്ഥിതിയാണ് ഇവിടുത്തുകാരുടേത്. തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം അനുവദിക്കണമെന്നത് മൂന്നുവര്‍ഷമായുള്ള നിരന്തര ആവശ്യമാണ്. ഉന്നതിക്കാരുടെ പാലത്തിന്റെ പ്രശ്‌നം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും നല്‍കിയാണ് മന്ത്രി തിരികെ പോന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍